വനിതാ ടി-20 ലോകകപ്പ് ഫൈനൽ: ഇന്ത്യക്ക് തകർച്ചയോടെ തുടക്കം: നഷ്ടമായത് നാല് വിക്കറ്റുകൾ

വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. ഓസ്ട്രേലിയക്കെതിരെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ പവർ പ്ലേയിൽ നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഷഫാലി വർമ്മ (2), ജമീമ റോഡ്രിഗസ് (0), സ്മൃതി മന്ദന (11), ഹർമൻപ്രീത് കൗർ (4) എന്നീ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പന്ത് ഹെൽമറ്റിൽ ഇടിച്ച് പരുക്കേറ്റ തനിയ ഭാട്ടിയ (2) റിട്ടയർഡ് ഹർട്ടായി മടങ്ങുകയും ചെയ്തു. 7 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 34 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ആദ്യ ഓവറിൽ തന്നെ ഷഫാലി വീണു. മേഗൻ ഷൂട്ടിൻ്റെ പന്തിൽ എലീസ ഹീലിക്ക് പിടികൊടുത്താണ് ഇന്ത്യയുടെ കൗമാര ഓപ്പണർ മടങ്ങിയത്. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ തനിയ ഭാട്ടിയ രണ്ടാം ഓവറിൽ പരുക്കേറ്റ് മടങ്ങി. ആ ഓവറിലെ അവസാന പന്തിൽ ജമീമ റോഡ്രിഗസും മടങ്ങി. ജെസ് ജോനാസൻ്റെ പന്തിൽ നിക്കോൾ കാരി ജമീമയെ പിടികൂടി. രണ്ട് ബൗണ്ടറികൾ അടിച്ച് പ്രതീക്ഷ നൽകിയ സ്മൃതി മന്ദനക്കും ഏറെ ആയുസുണ്ടായില്ല. സോഫി മോലിന്യൂ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തിൽ നിക്കോൾ കാരിക്ക് പിടി നൽകി മന്ദനയും മടങ്ങി. ആറാം ഓവറിൽ അടുത്ത വിക്കറ്റ്. ജെസ് ജൊനാസനെ ബൗണ്ടറി അടിച്ച് അത് തുടരാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനെ ആഷ് ഗാർഡ്നർ കൈപ്പിടിയിലൊതുക്കി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. ഓസ്ട്രേലിയക്കായി ഓപ്പണർമാരായ എലീസ ഹീലിയും ബെത്ത് മൂണിയും അർധസെഞ്ചുറികൾ നേടി. 78 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ്മ രണ്ട് വിക്കറ്റുകൾ നേടി.

Story Highlights: India lost 4 quick wickets in women world cup final

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top