കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ ഒരു മരണം

വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ഒരു മരണം. മധ്യവയസ്‌കയായ മീനാക്ഷിയാണ് മരിച്ചത്. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യയാണ്. മീനാക്ഷി പനി കാരണം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കേരളത്തിലെ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കുരങ്ങുപനി മരണമാണിത്. വയനാട്ടിൽ 13 പേർക്കാണ് രോഗം ബാധിച്ചത്. ഒൻപത് പേർ ചികിത്സയ്ക്ക് ശേഷം മടങ്ങിയെങ്കിലും മൂന്ന് പേർ ചികിത്സയിലാണ്.
Read Also: വയനാട് ജില്ലയില്‍ കുരങ്ങുപനിക്ക് ചികിത്സ തേടിയവരുടെ എണ്ണം കൂടി; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുനെല്ലിയിൽ വച്ചാണ് എല്ലാവർക്കും അസുഖം പിടിപെട്ടത്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടിന്റെ അതിർത്തി മേഖലകളിൽ താമസിക്കുന്നവരും കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകി. ഹീമോഫൈസാലിസ് വിഭാഗത്തിൽ പെട്ട ചെള്ളാണ് കുരങ്ങുപനിയുടെ വാഹകർ. കുരങ്ങിന്റെ ശരീരത്തിൽ ജീവിക്കുന്നു. കുരങ്ങ് ചാകുന്നതോടെയാണ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുക. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു പേർ മരിച്ചു. വന സമീപ ഗ്രാമങ്ങളിലും പട്ടിക വർഗ സങ്കേതങ്ങളിലും താമസിക്കുന്നവർക്കുണ്ടാകുന്ന പനി കരുതലോടെ കാണണമെന്നും പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായാൽ വിവരങ്ങൾ അടിയന്തരമായി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും നിർദേശം നൽകിയിരുന്നു. 11 പേരാണ് 2014-15 വർഷക്കാലത്ത് കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ മാത്രം മരിച്ചത്. അതിനാൽ തന്നെ രോഗം ബാധിക്കാതിരിക്കാൻ വലിയ രീതിയിലുള്ള മുൻകരുതലാണ് ആരോഗ്യ വകുപ്പ് എടുത്തിരുന്നത്.
monkey fever death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here