യെസ് ബാങ്ക് പ്രതിസന്ധി ; ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കാനുള്ള വിലക്ക് നീക്കി

യെസ് ബാങ്ക് പ്രതിസന്ധി ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആര്‍ബിഐ അനുവദിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നതിന് യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് മുതല്‍ പിന്‍വലിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് 50,000 രൂപവരെ ഇന്ന് മുതല്‍ പിന്‍വലിക്കാം. അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂര്‍ ഇതുവരെയും അന്വേഷണ എജന്‍സിയോട് കുറ്റം സമ്മതിക്കാന്‍ തയാറായില്ല. കിട്ടാക്കടം വര്‍ധിച്ചതിന് കാരണം ലോണ്‍ അനുവദിച്ചതിലെ വീഴ്ച അല്ല ലോകത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ആണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് റാണാകപൂര്‍.

യെഎസ് ബാങ്ക് എടിഎമ്മുകള്‍ക്ക് മുന്നില്‍ ഇന്നലെ ഇടപാടുകാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.
. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ പരിഭ്രാന്തിയിലായ നിക്ഷേപകര്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആണ് ശ്രമിച്ചത്. എന്നാല്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം ഇല്ലായിരുന്നു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളെ ആശ്രയിക്കാനും വിലക്ക് കാരണം സാധിച്ചില്ല. യെഎസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങളും, ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തന രഹിതമായി. ഇതേ തുടര്‍ന്നാണ് ഉപഭോക്താക്കളുടെ ആശങ്കയും ലഭിച്ച പരാതിയും കണക്കിലെടുത്ത് ആര്‍ബിഐയുടെ ഭീതി അകറ്റല്‍ നടപടി.

മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ബാങ്കിന്റെ ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും എന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇഡി അറസ്റ്റ് ചെയ്ത റാണാ കപൂര്‍ താന്‍ ചെയ്തത് ക്രമക്കേടുകള്‍ അല്ല എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് രേഖകളുടെ നിബന്ധനകള്‍ പരമാവധി ലഘൂകരിച്ച് വായ്പ നല്‍കുക ബാങ്കിന്റെ നയമാണ് ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം ഇഡി അധികൃതരെ അറിയിച്ചു. ജാമ്യ ഈടിന് തുല്യമാണ് വായ്പകള്‍ സ്വീകരിച്ചതായുള്ള രേഖകള്‍. ഇക്കാര്യത്തില്‍ ബാങ്കിന്റെ നിയന്ത്രണം തന്നില്‍ നിന്ന് തട്ടി എടുക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോഴത്തെ നടപടികള്‍ എന്നും റാണാകപൂര്‍ ഇഡി യോട് വാദിച്ചു. റാണാകപൂറിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവ് ശേഖരിക്കും.

 

Story Highlights- Yes bank crisis, ban on the use of ATMs by other banks has been lifted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top