രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കി കോൺഗ്രസ്

കോൺഗ്രസിൽ നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കി പാർട്ടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുറത്താക്കിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനത്തിന് അംഗീകാരം നൽകിയെന്ന് വാർത്താ കുറിപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഉടൻ തന്നെ നടപടി പ്രാബല്യത്തിൽ വന്നതായും വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്നു.

Read Also: കോൺഗ്രസ് വിടുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച വാർത്ത പുറത്തെത്തിയത് ഇന്ന് ഉച്ചയോട് കൂടിയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജി സമർപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാജി സമർപ്പണം. തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. തന്നെ അനുകൂലിക്കുന്ന പതിനെട്ട് എംഎൽഎമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

ബിജെപി നേതാവ് നരോത്തം മിശ്ര ഇന്ന് രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവന നടത്തിയിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു. സിന്ധ്യയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും അറിയിച്ചിരുന്നു. തങ്ങൾ സിന്ധ്യയെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചതെന്നും ദിഗ്‌വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

 

jyothiradirthya scindia, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top