Advertisement

ഡോക്ടർ ഷിനു ശ്യാമളനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

March 10, 2020
Google News 1 minute Read

ഡോക്ടർ ഷിനു ശ്യാമളനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഷിനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനിൽ ഇതെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഷിനു കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കടുത്ത പനിയുമായി ഒരു വ്യക്തി ഷിനുവിനെ കാണാൻ ക്ലിനിക്കിൽ എത്തുന്നത്. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാൾക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ തിയതി ചോദിച്ചപ്പോൾ യുവാവും അദ്ദേഹത്തിനൊപ്പം ഇയാളുടെ ഭാര്യയും രണ്ട് തിയതിയാണ് പറഞ്ഞത്. ഇതിൽ അവ്യക്തത തോന്നിയ ഡോക്ടർ ഇവരുടെ വിവരങ്ങൾ ചോദിച്ചുവെങ്കിലും സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതൽ ഒന്നും പറയാൻ അയാൾ തയ്യാറായില്ലെന്നും ഡോക്ടർ പറഞ്ഞു. ഇതിന് പിന്നാലെ തന്റെ സംശയം ആരോഗ്യ വകുപ്പിലും പൊലീസിലും അറിയിച്ചു. ഇയാൾ തിരിച്ച് ഖത്തറിലേക്ക് പോയി എന്നാണ് വിവരം. ഇക്കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയതിനാണ് നിലവിൽ ഷിനു നടപടി നേരിടുന്നത്.

Read Also : പനിയുമായി എത്തിയ ആൾ ഖത്തറിലേക്ക് മടങ്ങി; വിമാനത്താവളത്തിൽ എന്താണ് നടക്കുന്നതെന്ന് ഡോക്ടർ ഷിനു ശ്യാമളൻ

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും താൻ പുറത്തു വിട്ടിട്ടില്ല. ക്ലിനിക്ക് ഉടമ പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളതെന്ന് ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി ഉടമ ചോദിച്ചത് കുറേ സ്വാർത്ഥമായ ചോദ്യങ്ങളാണെന്നും ഷിനു കുറിച്ചു. ‘നിങ്ങൾക്കൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.’-ഷിനു കൂട്ടിച്ചേർത്തു.

കൊറോണ ലക്ഷണങ്ങൾ പ്രകടമായിട്ടും പലരും ഹോം ക്വാറന്റൈന് വിധേയമാകാത്തതും ആശുപത്രിയിൽ ചികിത്സ തേടാത്തതുമാണ് രോഗം പടർന്നുപിടിക്കാൻ കാരണം. കടുത്ത പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പും മാധ്യമങ്ങളും ആവർത്തിക്കുമ്പോഴും കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് വിവരം നൽകിയ ഒരു ഡോക്ടർക്ക് ഇവിടെ ജോലി നഷ്ടപ്പെടുന്നു എന്നത് ഞെട്ടിക്കുന്നതാണ്.

ഇന്നലെ ട്വന്റിഫോർ സംപ്രേഷണം ചെയ്ത ആർ ശ്രീകൺഠൻ നായർ നയിച്ച എൻകൗണ്ടറിൽ ഷിനു ഇക്കാര്യം പങ്കുവച്ചിരുന്നു. വികാരാതീതയാണ് ഷിനു വിവരങ്ങൾ പങ്കുവച്ചത്.

Story Highlights- Shinu Shyamalan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here