ഷിനു ശ്യാമളനെതിരായ നടപടിയിലേക്ക് നയിച്ചത് എൻകൗണ്ടർ ചർച്ച; പ്രതിഷേധം പുകയുന്നു

ഇന്നലെ ട്വന്റിഫോർ സംപ്രേഷണം ചെയ്ത ആർ ശ്രീകൺഠൻ നായർ നയിച്ച എൻകൗണ്ടറിൽ ഡോ.ഷിനു ശ്യാമളൻ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. യുക്തിസഹമായും അതിനൊപ്പം തന്നെ വികാരപരമായും അവർ പങ്കുവച്ച അഭിപ്രായ പ്രകടനങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒരു ഘട്ടത്തിൽ ചർച്ചയ്ക്കിടെ ഡോ.ഷിനു ശ്യാമളൻ വിതുമ്പുന്നുണ്ടായിരുന്നു.
ആർ ശ്രീകൺഠൻ നായരുടെ ചോദ്യത്തിന് മറുപടി പറയവേ, കഴിഞ്ഞ ഏതാനും ആഴ്ചകളായി താൻ ഉൾപ്പെടെയുള്ള ഡോക്ടർമാരും നഴ്‌സുമാരും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് പൊതു സമൂഹത്തെ വലിയൊരു വിപത്തിൽ നിന്ന് കരകയറ്റാനുള്ള നിസ്വാർത്ഥ ശ്രമത്തിന്റെ ഭാഗമായാണെന്ന് പറഞ്ഞ ഡോക്ടർ, ഇത് തിരച്ചറിയാതെ രോഗികൾ സഹകരിക്കാതിരിക്കുന്നതിനെ അതിനിശിതമായി വിമർശിച്ചു. സ്വന്തം മക്കളെ നേരിൽ കണ്ടിട്ട് ദിവസങ്ങളായെന്ന് പറഞ്ഞപ്പോഴാണ് ഡോക്ടർ ഷിനു ശ്യാമളൻ വിതുമ്പിയത്.
Read Also : ഡോക്ടർ ഷിനു ശ്യാമളനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
തന്റെ ക്ലിനിക്കിൽ പരിശോധനയ്ക്ക് എത്തിയ ഒരു രോഗിയുടെ അസ്വാഭാവികമായ ഇടപെടൽ സംബന്ധിച്ച വിവരങ്ങളും ചർച്ചയിൽ ഷിനു ശ്യാമളൻ പങ്കുവച്ചു. ഇതാണ് ക്ലിനിക്ക് ഉടമകളെ നടപടിക്ക് പ്രേരിപ്പിച്ചത്. ഷിനു പരിപാടിയിൽ പറഞ്ഞത് ഇങ്ങനെ : ‘ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഒപിയിൽ 25-30 വയസിനോടടുത്ത് പ്രായം തോന്നിക്കുന്ന വ്യക്തിയും ഭാര്യയും എത്തി. പനിയാണെന്ന് പറഞ്ഞാണ് എത്തിയത്. ഖത്തറിൽ നിന്നാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഞാൻ തിയതി ചോദിച്ചു. ഭാര്യ പറഞ്ഞ് ഫെബ്രുവരി 30 എന്ന്. ഉടൻ ഭാര്യയെ നോക്കിയ ശേഷം ഭർത്താവ് തിയതി തിരുത്തി ജനുവരി 30 എന്ന് പറഞ്ഞു. തിയതിയെ കുറിച്ച് സംശയം തോന്നിയ ഞാൻ കൂടുതൽ വിവരങ്ങളെടുത്തു. രണ്ട് ദിവസം മുമ്പ് ഇവർ ചാവക്കാട് സർക്കാർ ആശുപത്രിയിൽ കാണിച്ചിരുന്നുവെന്ന് പറഞ്ഞ്. ആരോഗ്യ വകുപ്പിനെ അറിയിച്ചുരുന്നോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു ഉത്തരം. ഞങ്ങൾക്ക് പെട്ടെന്ന് പാരാസിറ്റമോൾ ഇൻജക്ഷൻ എടുത്ത് പനി കുറച്ച് നാളത്തെ ഫ്‌ളൈറ്റിൽ ഖത്തറിലേക്ക് പോകണം എന്ന് അവർ പറഞ്ഞു. ഞാൻ പറഞ്ഞു അങ്ങനെ ഒരു പാരസിറ്റമോൾ ഇൻജക്ഷൻ എടുത്താൽ പനി കുറയില്ല. ആരോഗ്യ വകുപ്പിൽ അറിയിക്കണമെന്ന് പറഞ്ഞു. ഉടൻ അവർ എഴുനേറ്റ് പോയി. ഉടൻ റിസപ്ഷനിലേക്ക് വിളിച്ച് ദമ്പതികളുടെ നമ്പർ ശേഖരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നമ്പർ ലഭിച്ചില്ല. അതിനിടെ ഇവരുടെ ടൂ വീലർ നമ്പർ നോട്ട് ചെയ്തു. ഇതിന് പിന്നാലെ ഞാൻ ആരോഗ്യ വകുപ്പിൽ അറിയിച്ചു. ഇയാൾ ഖത്തറിൽ പോകാൻ സാധ്യതയില്ലെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ ഇന്ന് (9-3-2020) രാവിലത്തെ ഫ്‌ളൈറ്റിൽ അയാൾ ഖത്തറിൽ എത്തിയെന്നാണ് എനിക്ക് ലഭിച്ച വിവരം. പ്രിയപ്പെട്ട നാട്ടുകാരെ…ആരെ ഭയന്നാണ് നിങ്ങൾ ഒളിച്ചോടുന്നത് ? ‘
Read Also : ഡോക്ടറെ പിരിച്ചു വിട്ടിട്ടില്ല; ഷിനു ശ്യാമളന്റേത് ആരോപണം മാത്രം: ക്ലിനിക്ക് ഉടമ റോഷൻ
ഇതിന് പിന്നാലെയാണ് ഷിനുവിനെ പുറത്താക്കിക്കൊണ്ട് ക്ലിനിക്ക് നിലപാടെടുത്തത്. ഷിനുവിനെ ഫോണിൽ വിളിച്ച് ക്ലിനിക്കിലേക്ക് വരേണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഷിനു ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എന്നാൽ ഷിനുവിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ക്ലിനിക്ക് ഉടമ റോഷൻ പറയുന്നു. സംഭവം മൂടി വെക്കണമെങ്കിൽ നേരത്തെ നടപടിയെടുക്കാമായിരുന്നു എന്നും ഡോക്ടർ ക്ലിനിക്കിലേക്ക് വന്നാൽ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ല എന്നും റോഷൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights- Shinu Shyamalan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here