ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ

ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ. മൂന്ന് മിസൈലുകളാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നും ഇവ ഏത് തരം മിസൈലുകളാണെന്ന് വ്യക്തമല്ലെന്നും ദക്ഷിണ കൊറിയന്‍ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഉത്തര കൊറിയയിലെ ഹയോംഗ് പ്രവിശ്യയിലെ സണ്ടോക് മേഖലയില്‍ നിന്ന് കിഴക്കന്‍ തീരത്തേക്കാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയില്‍ പറഞ്ഞു.

50 അടി ഉയരത്തില്‍ 200 കിലോമീറ്റര്‍ ദൂരമാണ് മിസൈലുകള്‍ സഞ്ചരിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. കൂടുതല്‍ വിക്ഷേപണങ്ങളുണ്ടാകുന്നുണ്ടോയെന്ന് സൈന്യം നിരീക്ഷിച്ചുവരികയാണെന്നും കൊറിയന്‍ മേഖലയിലെ സംഘര്‍ഷ ലഘൂകരണത്തിന് ഉത്തരകൊറിയന്‍ നടപടി വിഘാതം സൃഷ്ടിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

അതേസമയം, ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രലയ വക്താവ് പറഞ്ഞു. എന്നാല്‍ ജപ്പാന്റെ പരിധിയിലെവിടേയ്ക്കും മിസൈലുകളെത്തിയതായി വിവരമില്ലെന്നും ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറിയും സര്‍ക്കാരിന്റെ ഉന്നത വക്താവുമായ യോഷിഹിതെ സുഗ അറിയിച്ചു. ഉത്തര കൊറിയയുടെ ഇത്തരം നീക്കങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നും സുഗ പറഞ്ഞു. ഉത്തര കൊറിയയുടെ തുടര്‍ച്ചയായുള്ള ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം ജപ്പാനുള്‍പ്പടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനെയാകെ ബാധിക്കുന്ന ഗൗരവതരമായ പ്രശ്‌നമാണെന്നും യോഷിഹിതെ സുഗ കൂട്ടിച്ചേര്‍ത്തു.

 

Story Highlights- South Korea,  North Korea, missiles attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top