കൊവിഡ് 19: ചെർപ്പുളശേരിയിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ കേസ്

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചെർപ്പുളശേരിയിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ചെർപ്പുളശേരി സ്വകാര്യ ആശുപത്രിയിൽ കൊറോണ ബാധിതയായ രോഗി ചികിത്സ തേടിയെത്തിയെന്ന വ്യാജ പ്രചാരണത്തിലാണ് കേസ്. വ്യാജപ്രചാരണം നടത്തിയ ആളെ കണ്ടെത്താൻ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. നിരവധി പേർക്കെതിരെ ഇതിനോടകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ പതിനാല് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ഏഴും കോട്ടയത്ത് നാലും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്നയിടങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here