Advertisement

താലിബാൻ തടവുകാരെ വിട്ടയയ്ക്കാനൊരുങ്ങി അഫ്ഗാനിസ്താൻ

March 11, 2020
Google News 1 minute Read

സമാധാന കരാറിന്റെ ഭാഗമായി 1500 താലിബാൻ തടവുകാരെ വിട്ടയയ്ക്കാനൊരുങ്ങി അഫ്ഗാനിസ്താൻ. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് അഷ്റഫ് ഗനി ഒപ്പിട്ടു. താലിബാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തടവുകാരെ വിട്ടയയ്ക്കാൻ അഫ്ഗാൻ സർക്കാർ തീരുമാനിച്ചത്.

പ്രസിഡന്റ് അഷ്റഫ് ഗനി തടവുകാരെ വിട്ടയയ്ക്കാനുള്ള ഉത്തരവിൽ ഒപ്പിട്ടതായി അദ്ദേഹത്തിന്റെ വക്താവ് സിദ്ദിഖ് സിദ്ദിഖി ട്വിറ്ററിലൂടെ അറിയിച്ചു. താലിബാനുമായി ചർച്ച ആരംഭിക്കുന്നതിന്റെ മുന്നോടിയാണിതെന്നും സിദ്ദിഖ് വ്യക്തമാക്കി. വിട്ടയയ്ക്കുന്ന താലിബാൻ തടവുകാർ ഇനിയൊരിക്കലും യുദ്ധഭൂമിയിലേയ്ക്ക് തിരിച്ചെത്തില്ലെന്ന ഉറപ്പ് എഴുതി നൽകണമെന്ന് രണ്ട് പേജുള്ള ഉത്തരവിൽ പറയുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തടവുകാരെ വിട്ടയയ്ക്കാനുള്ള നടപടികൾ നാല് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയും താലിബാനും തമ്മിൽ ഫെബ്രുവരി 29ന് ഒപ്പിട്ട സമാധാന കരാറിന്റെ ഭാഗമായാണ് താലിബാൻ തടവുകാരെ വിട്ടയയ്ക്കാൻ അഫ്ഗാൻ സർക്കാർ തീരുമാനിച്ചത്. കരാർ അനുസരിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ നിന്ന് പൂർണമായി പിന്മാറും. കരാർ പ്രകാരം വിട്ടയയ്ക്കേണ്ട തടവുകാരുടെ പട്ടിക അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Story highlight: Afganisthan, thaliban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here