ഏത് ദേവേന്ദ്രൻ വന്ന് പറഞ്ഞാലും പ്രതിപക്ഷം ചുമതല നിർവഹിക്കും: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പിന് മറുപടി നൽകി രമേശ് ചെന്നിത്തല. ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാരിനെ അറിയിക്കുകയാണ് തങ്ങളുടെ ചുമതല. അത് മുഖ്യമന്ത്രി അല്ല ഏത് ദേവേന്ദ്രൻ വന്ന് പറഞ്ഞാലും ഞങ്ങൾ ചെയ്തിരിക്കും. മുഖ്യമന്ത്രിയ്ക്ക് തപസിനെ പറ്റിയാണ് ചിന്ത. ഭീതി അകറ്റുകയാണ് പൊതുപ്രവർത്തകരുടെ ചുമതല. അത് നിർവഹിക്കാതെ സ്വപ്‌ന ലോകത്തിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി വരട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ജനങ്ങൾക്ക് ധാരാളം സംശയങ്ങളും ആശങ്കകളുമുണ്ട്. അത് ഉയർത്തിപ്പിടിക്കാനുള്ള മൗലികമായ ബാധ്യത പ്രതിപക്ഷത്തിനുണ്ട്. സർക്കാരിന്റെ നടപടികളിൽ സഹകരിച്ചിട്ടേയുള്ളൂ. ഏത് നടപടിയെയാണ് പ്രതിപക്ഷം എതിർത്തിട്ടുള്ളത്? ജനങ്ങളുടെ പ്രയാസങ്ങളിൽ സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കാനുള്ള ചുമതലയാണ് പ്രതിപക്ഷത്തിനുള്ളത്. ഇപ്പോഴും ഇറ്റലിയിൽ നിന്ന് ആളുകൾ വിളിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പറയുന്നുണ്ട്. പ്രതിപക്ഷം ഭരണപക്ഷത്തെ അറിയിക്കുന്നു, കേന്ദ്രത്തെ അറിയിക്കുന്നു.

Read Also: ചിലർ പ്രതികരിക്കുന്നത് ദേവേന്ദ്രനെ പോലെ: ചെന്നിത്തലയ്ക്ക് എതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്

ആരോഗ്യ മന്ത്രി കെ കെ ശൈലജ ഷാനിമോൾ ഉസ്മാൻ, പി ടി തോമസ് അടക്കമുള്ളവരെ വിമർശിച്ചത് ശരിയായില്ല. തനിക്കെതിരെയും സൈബർ ആക്രമണം നടത്തി. പ്രതിപക്ഷത്തിനെതിരെയുള്ള സൈബർ ആക്രമണത്തെ ജനങ്ങൾ തിരിച്ചറിയും. അതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഒരു ദിവസം ആറ് പത്രസമ്മേളനം നടത്തേണ്ട കാര്യമെന്താണിവിടെയെന്ന് വീണ്ടും പ്രതിപക്ഷ നേതാവ് ചോദിച്ചു. യോഗങ്ങൾ മാറ്റി വയ്‌ക്കേണ്ടതിലെ പ്രായോഗികത മുഖ്യമന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല.

അതേസമയം, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. പണ്ട് ആര് തപസ് ചെയ്താലും ഇന്ദ്രൻ വിചാരിച്ചിരുന്നത് അത് തന്റെ പദം കൈവശപ്പെടുത്താനെന്നായിരുന്നു. അതുപോലെയാണ് ചിലർ ഇപ്പോൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ്- 19 കൈകാര്യം ചെയ്ത് സംസ്ഥാന സർക്കാരിന്റെ യശസ് കൂടിപ്പോകുമോ എന്നാണ് ചിലരുടെ സംശയം. അത് സംബന്ധിച്ച് ചർച്ച വരെ നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളെ രോഗത്തിന് വിട്ടുകൊടുക്കുകയാണോ ചെയ്യേണ്ടത്? മഹാമാരി വരുമ്പോൾ ഒരുമിച്ച് ജാഗ്രത പാലിച്ചാണ് നിൽക്കേണ്ടത്. ആ സമയത്ത് പക്ഷവും മുന്നണിയുമാണോ നോക്കേണ്ടത്? അതെല്ലാം നോക്കിനിൽക്കാൻ മനുഷ്യർ വേണ്ടേ നാട്ടിൽ? മനുഷ്യപക്ഷത്തല്ലേ നിൽക്കേണ്ടത്? കെപിസിസി ചർച്ചകളെയും മുഖ്യമന്ത്രി വിമർശിച്ചു.

 

pinarayi vijayan, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top