‘വിദേശത്ത് നിന്ന് എത്തുന്നവരെ ‘കൊറോണ’യെന്ന് വിളിച്ച് പരിഹസിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി

വിദേശത്ത് നിന്ന് എത്തുന്നവരെ ‘കൊറോണ..കൊറോണ’ എന്നു വിളിച്ച് പരിഹസിക്കുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് നിന്ന് എത്തുന്നവർക്കെല്ലാം കൊറോണയാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെത്തിയവർക്ക് ദുരനുഭവം ഉണ്ടാകരുത്. ആലപ്പുഴയിൽ എത്തിയവരെ റിസോർട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവമുണ്ടായി. ആവശ്യമില്ലാതെ നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യമില്ല. വിദേശത്ത് നിന്ന് എത്തുന്നവരെ പരിഹസിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതി സംസ്ഥാനത്തിന് ദുഷ്‌പേരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
read also: തൃശൂരിൽ കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 21കാരന്
അതിനിടെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ദുബായിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്ന് വന്ന തൃശൂർ സ്വദേശിക്കുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ-ഏഴ്, കോട്ടയം-നാല്, എറണാകുളത്ത്-മൂന്ന്, തൃശൂർ-ഒന്ന്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here