റിയാലിറ്റി ഷോ താരത്തിന് സ്വീകരണം; സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ മടി കാണിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ആൾക്കൂട്ടത്തെ നിശിതമായി വിമർശിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി കൊറോണ വൈറസ് ബാധയ്‌ക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ ആൾക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനമെന്ന് മന്ത്രി. ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ സർക്കാർ യാതൊരുവിധ മടിയും കാണിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം,

സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ള വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവർത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ ഒരു ടി വി ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട മത്സരാർത്ഥിക്ക് വേണ്ടി ഒരു ആൾക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Read Also: റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

ആളുകൾ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ സ്വീകരിക്കുമ്പോഴാണ് ആരാധകർ എന്ന പേരിൽ ഒരു കൂട്ടം ആളുകൾ ഈ കോപ്രായം കാണിച്ചത്.

ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവർത്തിക്കാൻ ശ്രമം ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ സർക്കാർ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവർത്തിക്കുന്നു.

കടകംപള്ളി സുരേന്ദ്രൻ
സഹകരണം ടൂറിസം ദേവസ്വം മന്ത്രി

അതേസമയം, റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എൺപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്.

kadakampalli surendran, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top