കൊവിഡ് നിർദേശങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ തടിച്ചുകൂടിയ സംഭവം; ഏഴ് പേർ കൂടി അറസ്റ്റിൽ

കൊവിഡ് ജാഗ്രത അവഗണിച്ച് കൊച്ചി വിമാനത്താവളത്തിൽ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 9 ആയി.

സോണി തോമസ് കറുകുറ്റി, ഫരീറുദ്ദിൻ പെരുമ്പാവൂർ, ബിനു പാലാരിവട്ടം, ക്രിസ്റ്റി ജോൺ പറവൂർ, കിരൺ ജോൺ പറവൂർ, അനിൽ കുമാർ മുപ്പത്തടം, വിപിൻ കൊല്ലം എന്നിവരാണ് അറസ്റ്റിൽ ആയത്. കേസിൽ 34 പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. രാജ്യം കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അൽപ്പം പോലും വില കൽപ്പിക്കാത്ത ഈ നീക്കത്തെ തള്ളി നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവത്തിൽ കേസ് എടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കിരുന്നു. ഇതേ തുടർന്നാണ് നടപടി.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ താരമായ രജിത് കുമാറിനെ സ്വീകരിക്കാനായിരുന്നു നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ എത്തിയത്. ശനിയാഴ്ചയാണ് രജിത് എപ്പിസോഡിൽ നിന്ന് പുറത്താക്കപ്പെട്ടത്.

Story Highlights – coronavirus, rejith kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top