Advertisement

‘ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം’; മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രകീർത്തിച്ച് ഗീവർഗീസ് മാർ കൂറിലോസ്

March 17, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധ വ്യാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പുകഴ്ത്തി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രോപ്പൊലീത്ത. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രത്യേകം പരാമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്. പത്തനംതിട്ട കളക്ടർ പിബി നൂഹിനെയും അദ്ദേഹം പ്രകീർത്തിക്കുന്നുണ്ട്.

ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രോപ്പൊലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം

കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറെ ഇന്ന് ലോകം മുഴുവൻ അറിയുന്നു. ഇതാദ്യമല്ല, ടീച്ചറിന്റെ കഠിനാധ്വാനവും സാമൂഹിക പ്രതിബദ്ധതയും നമ്മൾ തിരിച്ചറിയുന്നത്. നിപ്പ വൈറസ് ഭീഷണി ഉണ്ടായപ്പോഴും നാം അത് കണ്ടറിഞ്ഞതാണ്. ഇപ്പോൾ കോവിഡ് ഭീഷണിയുടെ കാലത്തും ആ കർമ്മശേഷിയും നിദാന്ത ജാഗ്രതയും നാം നിത്യേന കാണുന്നു. വികസിത രാജ്യങ്ങൾ പോലും അത്യന്തം അപകടകാരിയായ ഈ വൈറസിന്റെ മുന്നിൽ നിസ്സഹായരായി പകച്ചു നിൽക്കുമ്പോഴാണ് നമ്മുടെ കൊച്ചു കേരളം ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഷൈലജ ടീച്ചർ എന്ന മന്ത്രിയുടെ നിസ്വാർത്ഥമായ അർപ്പണബോധം എടുത്തു പറയേണ്ടതാണ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും കോർത്തിണക്കി ഏകോപനത്തോടെ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുക എന്നത് നിസ്സാര കാര്യമല്ല. വകുപ്പ് മേധാവികൾ, ഡോക്റ്റർമാർ , നഴ്സുമാർ , പാരാമെഡിക്കൽ പ്രവർത്തകർ , വോളണ്ടിയർമാർ ഉൾപ്പെടെ ഈ മേഖലയിൽ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാൻ കഴിയാതെ എന്റെയും നിങ്ങളുടെയും ആരോഗ്യവും ജീവനും കാക്കുരാൻ പ്രവർത്തിക്കുന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ഇവരോടൊപ്പം നിന്ന് ഊണും ഉറക്കവും ബലികഴിച്ച് നേതൃത്വം നൽകുന്ന ഷൈലജ ടീച്ചർ ആധുനിക കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യ വകുപ്പ് മന്ത്രിയാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

ഒരു ടീച്ചർക്ക് ഫലപ്രദമായും വിജയകരമാകും പ്രവർത്തിക്കാൻ അതിന് സ്വാതന്ത്രവും സഹകരണവും നൽകുന്ന ഒരു പ്രധാന അദ്ധ്യാപകൻ ഉണ്ടാവണം. നമ്മുടെ ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഈ അത്ഥത്തിൽ ഒരു മാതൃകാ ഹെഡ്മാസ്റ്ററാണ്. മഹാപ്രളയം എന്ന ഭീകര വൈറസ് രണ്ടു പ്രാവശും നമ്മെ ആക്രമിച്ചപ്പോഴും ഈ ഹെഡ്മാസ്റ്ററുടെ നന്മയും നേതൃശേഷിയും നന്മൾ അനുഭവിച്ചറിഞ്ഞതാണ്. ഇത്രയും നിശ്ചയദാർഢ്യവും കർമ്മശേഷിയുമുള്ള ഒരു ഭരണാധികാരി അടുത്ത കാലത്ത് ഒന്നും നമുക്ക് ലഭിച്ചിട്ടില്ല. ഈ ഹെഡ്മാസ്റ്ററും ടീച്ചറും ഒന്നിച്ച് വന്നാൽ ഒരു സ്വപ്ന ടീം പോലെയാണ്. അതുകൊണ്ടാണ് ആര് എന്തു പറഞ്ഞാലും ഇവരുടെ പത്ര സമ്മേളനങ്ങൾ (പ്രത്യേകിച്ച് ദുരന്ത നാളുകളിൽ ) ജനങ്ങൾക്ക് പ്രിയങ്കരമാകുന്നതും. പ്രളയകാലത്തെ മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനങ്ങൾ ആ രംഗത്തെ പാഠപുസ്തങ്ങളായിരുന്നു. കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പത്ര സമ്മേളനങ്ങളും ജനങ്ങളിൽ ഒരേ സമയം ജാഗ്രതയും പ്രതീക്ഷയും ഉണ്ടാക്കുന്നു.

ഞങ്ങളുടെ പത്തനംതിട്ട കളക്റ്റർ ഡോ. പി.ബി. നൂഹ് സാറിനെ കുറിച്ച് ഒരു വാക്ക് പറയാതെ വയ്യ. ഞാൻ നേരിട്ട് പല പ്രാവശ്യം അദ്ദേഹവുമായി ഇടപ്പെട്ടിട്ടുണ്ട് . ഒരു മികച്ച ഭരണാധികാരി ആയിരിക്കുമ്പോൾ തന്നെ ഒരു തികഞ്ഞ മനുഷ്യ സ്നേഹി കൂടെ ആവുക എന്നത് എല്ലാവരിലും കാണാൻ കഴിയില്ല. ഇത്ര സമർപ്പണത്തോടെ തന്റെ ദൗത്യത്തെ സമീപിക്കുന്ന ഒരു കളക്റ്ററെ പത്തനംതിട്ടക്ക് കിട്ടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പത്തനംതിട്ടയിൽ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും നൂഹ് സാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണ്.

നമ്മളെ കരുതുന്ന ഒരു സർക്കാർ നമുക്കുണ്ട്. ആത്മാർത്ഥമായി നമ്മുടെ ആരോഗ്യത്തിനും ജീവനുമായി ഒരു സർക്കാർ, പ്രത്യേകിച്ച്, ആരോഗ്യ വകുപ്പ് പ്രവർത്തിക്കുമ്പോൾ നാം സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം . ഒന്ന് കൈവിട്ട് പോയാൽ പിടിച്ചാൽ കിട്ടാതെ വണ്ണം അതീവ ഗുരുതരാവസ്ഥ ഉണ്ടാകാതെ നമുക്ക് സൂക്ഷിക്കാം. വികസിത രാജ്യങ്ങൾ പോലും അത്തരം ദുരന്ത സാഹചര്യങ്ങളെ നേരിടുന്നു. നമ്മുടെയും മറ്റുള്ളവരുടെയും നാടിന്റെയും ആരോഗ്യത്തെയും നന്മയെയും കരുതി നാം ഉത്തരവാദത്വ ബോധത്തോടെ സർക്കാരിനോട് സഹ കരിക്കണം. നാം ഒന്നിച്ച് നിന്നാൽ ലോകത്തിന് മാതൃകയായി ശിരസ്സുയർത്തി ഒരു പുതിയ കേരള മാതൃക സൃഷ്ടിക്കാൻ നമുക്കാവും’ അതിന് നേതൃത്വം നൽകുന്ന ഒരു ജനകീയ സർക്കാർ നമുക്ക് ഒപ്പമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here