കോഴിക്കോട്ട് ലീഗ് പ്രവർത്തകനെ അയൽവാസി കുത്തിക്കൊന്നു

കോഴിക്കോട് തോട്ടിൽപാലത്ത് അയൽവാസി യുവാവിനെ കുത്തിക്കൊന്നു. ലീഗ് പ്രവർത്തകനും ബെൽമൗണ്ട് സ്വദേശിയുമായ ഇടച്ചേരിക്കണ്ടി അൻസാറാണ് മരിച്ചത്. അയൽവാസിയായ അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തോട്ടിൽ പാലം ലീഗ് ഹൗസിൽ വച്ച് നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കൊല്ലപ്പെട്ട അൻസാറും പ്രതി അഹമ്മദ് ഹാജിയും തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അഹമ്മദ് ഹാജിയുടെ ഭാര്യയും മരുമകളും തമ്മിലുള്ള കുടുംബ വഴക്കിൽ അൻസാർ ഇടപെടുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ചെയ്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്നലെ ലീഗിന്റെ പ്രാദേശിക നേതൃത്വം ഇരുവരെയും വിളിച്ചു വരുത്തി. മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അഹമ്മദ് ഹാജി ഭാര്യയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് അൻസാറിനെ കുത്തുകയായിരുന്നു.
Read Also: രജിത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവം; പതിമൂന്ന് പേർ അറസ്റ്റിൽ
അഹമ്മദ് ഹാജിയെ തടയാൻ ശ്രമിക്കുന്നതിനിടെ ലീഗ് പ്രവർത്തകർക്കും അൻസാറിന്റെ പിതാവിനും പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ അൻസാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു. സംഭവത്തിൽ തോട്ടിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഹമ്മദ് ഹാജിയേയും ഭാര്യ ജമീലയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം അൻസാറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ko
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here