Advertisement

പഞ്ചുവിന് പകരം അജോയ് ചന്ദ്രൻ; സംസ്ഥാന ചലച്ചിത്ര അക്കാദമി പുനഃസംഘടിപ്പിച്ചു

March 18, 2020
Google News 1 minute Read

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി സർക്കാർ പുനഃസംഘടിപ്പിച്ചു. സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ പുറത്താക്കിയതിന് പിന്നാലെ സംവിധായകൻ നീലനെയും അക്കാദമിയിൽ നിന്ന് പുറത്താക്കി. ഇന്ദ്രൻസും പ്രേംകുമാറുമടക്കം അഞ്ച് പേരെ പുതിയ ജനറൽ കൗൺസിൽ അംഗങ്ങളാക്കി.

ഇത്തവണത്തെ സംസ്ഥാന അവാർഡിനായി പരിഗണിക്കുന്ന ചിത്രങ്ങളിൽ ചെയർമാൻ കമലിന്റെ മകൻ സംവിധാനം ചെയ്ത ചിത്രമുള്ളതിനാൽ ജൂറി പാനലിൽ നിന്ന് കമൽ മാറി നിൽക്കണമെന്നായിരുന്നു മഹേഷ് പഞ്ചുവിന്റെ ആവശ്യം. അക്കാദമിയിലെ തർക്കം രൂക്ഷമായതോടെയാണ് സർക്കാർ ഇടപെട്ടത്. ഈ മാസം 13ന് സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ സർക്കാർ പുറത്താക്കി. തുടർന്നാണ് ചലച്ചിത്ര അക്കാദമി പുനഃസംഘടിപ്പിച്ചത്.

മഹേഷ് പഞ്ചുവിന് പകരം കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ് ചന്ദ്രനാണ് പുതിയ സെക്രട്ടറി. നടന്മാരായ ഇന്ദ്രൻസ്, പ്രേംകുമാർ, സംവിധായകൻ അനിൽ നാഗേന്ദ്രൻ, കെ.ആർ. നാരായണൻ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, ചലച്ചിത്ര ഫിലിം സൊസൈറ്റി അംഗം ജോർജ് മാത്യു എന്നിവരെയാണ് പുതുതായി ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തിയത്. ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംവിധായകൻ നീലനെയും അക്കാദമിയിൽ നിന്ന് പുറത്താക്കി.

വിവിധ കാരണങ്ങളാൽ ജനറൽ കൗൺസിൽ സ്ഥാനത്ത് നിന്ന് സംവിധായകൻ ഡോ. ബിജുവും എഴുത്തുകാരനായ സി.എസ്. വെങ്കിടേശ്വരനും നേരത്തേ രാജിവച്ചിരുന്നു. ഇവരുടെ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെത്തുന്നത്. ചെയർമാൻ, വൈസ് ചെയർ പേഴ്‌സൺ സ്ഥാനങ്ങളിൽ കമലും ബീനാ പോളും തുടരും.

story highlights- kerala film academy, mahesh panchu, kamal, beena paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here