വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് കേസ്

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു. ചന്ദ്രിക ദിനപത്രത്തിൽ 10 കോടി രൂപ നിക്ഷേപിച്ച് കളളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്ത സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് നടപടി. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത എൻഫോഴ്സ്മെന്റ് പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിലാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹൈക്കോടതി വിജിലൻസിനോട് റിപ്പോർട്ട് തേടി. ഡിവൈഎസ്പി ഉൾപ്പെടെയുളളവരെ സസ്പെൻഡ് ചെയ്ത സാഹചര്യം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. ഈ കേസിൽ മുൻമന്ത്രി വിജിലൻസിന്റെ അറസ്റ്റ് സാധ്യത നേരിടുകയാണ്.

നോട്ട് നിരോധന കാലത്ത് പാലാരിവട്ടം പാലത്തിന്റെ നിർമാണം പൂർത്തിയായ ഘട്ടത്തിൽ ചന്ദ്രിക പത്രത്തിൽ പണം നിക്ഷേപിച്ചു എന്നാണ് എൻഫോഴ്‌സ്‌മെന്റ് കേസിനാസ്പദമായ പരാതി. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്കുകളുടെ അക്കൗണ്ട് വഴിയാണ് പണം നിക്ഷേപിച്ചത്. ഇതിൽ പ്രാഥമിക അന്വേഷണം നടത്താനും പരിശോധിക്കാനും എൻഫോഴ്സമെന്റിനോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുൻപ് ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top