കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം; ഡെപ്യൂട്ടി മേയര്‍ പുറത്ത്

കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരേയുള്ള എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫില്‍ നിന്ന് കൂറുമാറിയ ലീഗ് അംഗം കെ പി എ സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്.

മേയര്‍ക്കെതിരെയും ഇടത് മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. ആറ് മാസം മുന്‍പ് എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം നഷ്ടപ്പെടാന്‍ കാരണക്കാരനായ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെയാണ് ഇടത് മുന്നണി മറ്റൊരു അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 28 അംഗങ്ങളും എല്‍ഡിഎഫിന് 27 പേരുമാണുള്ളത്. കക്കാട് കൗണ്‍സിലറും ലീഗ് പ്രതിനിധിയുമായ കെപിഎ സലീമിന്റെ പിന്തുണയോടെയാണ് പ്രമേയം പാസായത്. പി കെ രാഗേഷിന്റെ ധാര്‍ഷ്ട്യത്തിനെതിരെയാണ് താന്‍ വോട്ട് ചെയ്തതെന്ന് കെപിഎ സലീം പറഞ്ഞു.

അതേസമയം പണം വാങ്ങിയുള്ള കുതിരക്കച്ചവടമാണ് വോട്ടെടുപ്പില്‍ നടന്നതെന്ന് പി കെ രാഗേഷും ആരോപിച്ചു. നേതൃത്വവുമായി ഇടഞ്ഞ് കുറച്ച് ദിവസമായി സ്ഥലത്ത് നിന്ന് മാറി നിന്ന സലീം അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് എത്തിയതും ഇടത് കൗണ്‍സിലര്‍മാരുടെ കൂടെയാണ്. രാഗേഷിനെതിരേ അവിശ്വാസം പാസായതോടെ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന പ്രകാരം വൈകാതെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. അതിനിടെ മേയര്‍ സുമാ ബാലകൃഷ്ണനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണം തിരിച്ചുപിടിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം.

Story Highlights: kannur corporation,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More