ക്വാറന്റീനിൽ നിന്ന് മുങ്ങി കാമുകിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു; റയൽ മാഡ്രിഡ് താരത്തെ അറസ്റ്റ് ചെയ്തേക്കും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സെൽഫ് ക്വാറൻ്റീനിൽ നിന്ന് മുങ്ങി കാമുകിയുടെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്ത റയൽ മാഡ്രിഡ് താരത്തെ അറസ്റ്റ് ചെയ്തേക്കും. സെർബിയൻ താരമായ ലൂക ജോവിച് ആണ് പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നത്. ജോവിചിൻ്റെ പ്രവൃത്തിയെ സെർബിയൻ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.
കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സ്പെയിനിലെ മാഡ്രിഡിൽ നിന്നാണ് ജോവിച് സെർബിയയിലേക്ക് പോയത്. നാട്ടിലെത്തിക്കഴിഞ്ഞ് രണ്ടാഴ്ച സ്വയം ഐസൊലേഷനിൽ കഴിയണമെന്ന് താരത്തോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം മറികടന്ന ജോവിച് കാമുകിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ഇതേ തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തേക്കും എന്ന സൂചന സെർബിയൻ ഭരണകൂടം നൽകിയത്.
എന്നാൽ, തൻ്റെ പ്രവൃത്തിയെ ന്യായീകരിച്ചു കൊണ്ട് ജോവിച് രംഗത്തെത്തി. ചെയ്തതിൽ ക്ഷം ചോദിച്ച അദ്ദേഹം മാഡ്രിഡിൽ വച്ച് നടത്തിയ ടെസ്റ്റിൻ്റെ റിസൽട്ട് നെഗറ്റീവായതു കൊണ്ട് മാത്രമാണ് സെർബിയയിലേക്ക് പോയതെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. എങ്ങനെ സ്വയം ഐസൊലേഷനിൽ കഴിയണമെന്ന നിർദ്ദേശം തനിക്ക് നൽകിയിരുന്നില്ലെന്നും ജോവിച് പറഞ്ഞു.
അതേ സമയം, വൈറസ് ബാധയിൽ ലോകത്താകെ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,048 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിലേറെയായി. 88,437 പേർ രോഗത്തെ അതിജീവിച്ചു. ഇറ്റലിയിൽ മാത്രം 3405 പേരാണ് മരിച്ചത്. ചൈനയിലേതിനേക്കാൾ ഉയർന്ന മരണനിരക്കാണിത്.
ഓസ്ട്രേലിയയും ന്യൂസീലൻഡും അതിർത്തികൾ പൂർണമായി അടയ്ക്കുകയാണ്. അമേരിക്ക കാനഡയുമായുള്ള അതിർത്തി അടച്ചു. ബ്രിട്ടനിൽ സ്‌കൂളുകൾക്ക് അവധി നൽകി. ലോകരാജ്യങ്ങളിലെല്ലാം നിയന്ത്രണം കൂടുതൽ ശക്തമാക്കി.
Story Highlights: Real Madrid forward luca jovic explains quarantine breach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here