ബോക്സിംഗ് താരം മേരി കോമും ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചതായി ആക്ഷേപം

ഇന്ത്യയുടെ പ്രമുഖ ബോക്സിംഗ് താരം മേരി കോമും ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചതായി ആക്ഷേപം. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ തന്നെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ മേരി കോം പങ്കെടുത്തു. ജോർദാനിൽ നടന്ന ഏഷ്യ-ഒഷ്യാനിയയ ഒളിംപിക്സ് യോഗ്യത മത്സരത്തിൽ മേരി കോം പങ്കെടുത്തിരുന്നു. അവിടെ നിന്നും വന്നതിനുശേഷം താരത്തിനോട് 14 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നതാണ്. വിദേശങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈൻ ചെയ്യണമെന്നത് നിർബന്ധമാക്കിയിരിക്കുന്ന കാര്യമാണ്. എന്നാൽ, ഈ നിർദേശം പാലിക്കാതെയാണ് മേരി കോം രാഷ്ട്രപതി ഭവനിലെ ചടങ്ങിനെത്തിയത്.

ഈ മാസം 16 നായിരുന്നു 96 പാർലമെന്റ് അംഗങ്ങൾക്കായി രാഷ്ട്രപതി ഭവനിൽ പ്രത്യേക ചടങ്ങ് ഒരുക്കിയത്. രാജ്യസഭ എംപി കൂടിയായ മേരി കോമിനും ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാൽ, ജോർദാനിലെ ബോക്സിംഗ് ടൂർണമെന്റിൽ പങ്കെടുത്തവരെല്ലാം തന്നെ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയമാകണമെന്ന പരിശീലകൻ സാന്തിയാഗോ നീവ തന്നെ നിർദേശം നൽകിയിരുന്നിട്ടും അതെല്ലാം മറികടന്ന് രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുക്കാൻ മേരി കോം പോവുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തവരുടെ ചിത്രം രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തപ്പോഴാണ് അതിൽ മേരി കോമും ഉണ്ടെന്നു മനസിലാകുന്നത്.

താൻ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് പിന്നീട് താരവും സ്ഥിരീകരിച്ചു. മേരി കോമിനു പുറമെ കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം ഒരു പാർട്ടിയിൽ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗും രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ദുഷ്യന്ത് ഇപ്പോൾ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരും എംപിമാരുമടക്കം പങ്കെടുത്ത ഒരു ചടങ്ങിലാണ് ഇവർ രണ്ടുപേരും ഉണ്ടായിരുന്നത്. ഇതിൽ ദുഷ്യന്ത് സിംഗ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി അടുത്തിടപഴകുകയും ചെയ്തിരുന്നു. രാഷ്ട്രപതിയേയും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കാൻ സാധ്യതയുണ്ട്.

Story highlight: Boxing star, Mary Kom 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top