കൊറോണ; എറണാകുളത്തെ 20 പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 20 കൊവിഡ് 19 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. കൊച്ചി തുറമുഖത്തെത്തിയ നാല് കപ്പലുകളിൽ പരിശോധന നടത്തി. ജില്ലയിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ നാല് കപ്പലുകളിലെ 198 ക്രൂ അംഗങ്ങളെയും 514 യാത്രക്കാരെയും പരിശോധിച്ചു. ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ജില്ലയിൽ നിന്നയച്ച സാമ്പിളുകളിൽ 26 എണ്ണത്തിന്റെ പരിശോധന ഫലമെല്ലാം തന്നെ നെഗറ്റീവ് ആണെന്നാണ് ആലപ്പുഴ എൻഐവി സ്ഥിരീകരണം.

കൊറോണ പരിശോധനയുമായി ബന്ധപ്പെട്ട് ഐസിഎംആർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിൽ അന്താരാഷ്ട്ര യാത്ര നടത്തിയ എല്ലാ വ്യക്തികളെയും അവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. ഇവർ രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ മാത്രം പരിശോധനയ്ക്ക് വിധേയരായാൽ മതി. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാഗങ്ങളെ നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ വയ്‌ക്കേണ്ടതാണ്.

അതേസമയം വിദേശ പൗരന്മാർക്ക് സഹായം നൽകുന്നതിന് പ്രത്യേക സേവന പദ്ധതിയുമായി കൊച്ചി പൊലീസ് രംഗത്തെത്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഫോറിൻ ഔട്ട് റീച്ച് സെല്ലിന് തുടക്കം കുറിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി വിദേശ പൗരന്മാർക്ക് പൊലീസിന്റെ സേവനം തേടാവുന്ന തരത്തിലാണ് പദ്ധതി. ടൂറിസ്റ്റ് വിസയിലും മറ്റുമായി കൊച്ചിയിലെത്തിയ വിദേശികൾക്ക് കരുതലിന്റെ തണലൊരുക്കുകയാണ് ലക്ഷ്യം. 8590202060 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയച്ചാൽ കൊച്ചി പൊലീസ് കമ്മീഷണറേറ്റിലെ കൊവിഡ്-19 കൺട്രോൾ റൂം സഹായങ്ങൾ നൽകും.ആരോഗ്യ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസം, ഗതാഗതം, ടിക്കറ്റിംഗ്, വിസ എന്നിവയുൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങൾക്കും സഹായം തേടാം.

Story highloght: Corona,  Twenty test results in Ernakulam negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top