കൊവിഡ് 19; അതിർത്തിയിൽ കർശന പരിശോധനയുമായി തമിഴ്നാട്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ പരിശോധന കടുപ്പിച്ച് തമിഴ്നാട്. കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായുള്ള റോഡ് അതിർത്തി ഈ മാസം 31 വരെയാണ് തമിഴ്നാട് അടച്ചിടുന്നത്. ആംബുലൻസ്, പാൽ, ഗ്യാസ് തുടങ്ങിയ ആവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. ഇന്നലെ അർധരാത്രിയോടെ കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ പൂർണമായും നിരോധിച്ച് തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചു.
ആംബുലൻസ്, പാൽ, പച്ചക്കറി, ഗ്യാസ്, പെട്രോൾ, ഡീസൽ തുടങ്ങിയ ആവശ്യ സർവീസുകൾ നടത്തുന്ന വാഹനങ്ങൾ മാത്രമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രധാന ചെക്ക് പോസ്റ്റുകളായ കളിയിക്കവിളയിലും വാളയാറിലുമടക്കം ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മടക്കി അയച്ചു. കെഎസ്ആർടിസി ബസുകളും, തമിഴ്നാട് സർക്കാരിന്റെ ബസുകളും സർവീസ് നടത്തുന്നുണ്ട്. ചെക്ക് പോസ്റ്റ് കടന്നുപോകുന്ന ഓരോ ആളുകളെയും തമിഴ്നാട് ആരോഗ്യ വിഭാഗം പ്രത്യേകം പരിശോധിക്കും. തെർമോ സ്‌കാനർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും മരുന്ന് കിറ്റുകളും ആംബുലൻസുകളും ചെക്ക്പോസ്റ്റുകളിൽ സജ്ജമാക്കി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, തമിഴ്നാട് റവന്യൂ, ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ അടക്കം വലിയ സംഘത്തെയാണ് അതിർത്തികളിൽ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിൽ നിന്നെത്തുന്ന ചില യാത്രക്കാർ പരിശോധനയിൽ വലഞ്ഞു.
കൊല്ലം ജില്ലയുടെ അതിർത്തിയായ പുളിയറയിൽ കെഎസ്ആർടിസി ബസുകളും ഇരുചക്ര വാഹനങ്ങളും തടഞ്ഞ് മടക്കി അയച്ചു. ആശുപത്രികളിലേക്ക് പോകാനായി എത്തിയവർക്കും ഇളവ് അനുവദിച്ചില്ല. കുമളി അതിർത്തിയിൽ ബസ് സർവീസുകൾ പൂർണമായും നിർത്തി. നിലവിൽ തമിഴ്നാട് ബസുകൾ ലോവർ ക്യാമ്പ് വരെ സർവീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളും റദ്ദാക്കി. കമ്പംമേട്, മറയൂർ ചെക്ക് പോസ്റ്റുകളും അടച്ചു.
Story highlight: Tamil Nadu,border,closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here