മദ്യപിച്ച് കിടന്നുറങ്ങുന്ന ആനകൾ; വെനീസിൽ തിരിച്ചെത്തിയ അരയന്നങ്ങൾ; ഈ വാർത്തകൾ സത്യമാണോ?

കൊറോണ കാലത്ത് ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവ മനുഷ്യരെക്കുറിച്ച് മാത്രമല്ല കേട്ടോ, മൃഗങ്ങളെ പറ്റിയുള്ള വാർത്തകളും ഇതിൽ പെടും. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരം വാർത്തകൾ ധാരാളമായി പ്രചരിക്കുന്നത്. കൊറോണക്കാലത്തെ വാർത്തകളിൽ പ്രധാനപ്പെട്ടവയാണ് വെനീസിലെ അരയന്നങ്ങളുടെയും ഡോൾഫിനുകളുടെയും തിരിച്ചുവരവ്, ചൈനയിലെ ഗ്രാമത്തിൽ കോൺ വൈൻ കുടിച്ച് ഉറങ്ങുന്ന ആനകൾ,… സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ റീട്വീറ്റ് ചെയ്തും ഷെയർ ചെയ്തും നിരവധി പേരിലേക്കാണ് എത്തുന്നത്. മനുഷ്യരില്ലാത്ത പുറംലോകത്തിലേക്കുള്ള മൃഗങ്ങളുടെ മടങ്ങി വരവ് ആളുകൾക്ക് സന്തോഷം നൽകുന്ന വാർത്തയുമാണ്. പക്ഷേ ഇവയിൽ പലതും സത്യമാണോ?

വെനീസിൽ പ്രത്യക്ഷപ്പെട്ടെന്ന് പറയപ്പെടുന്ന അരയന്നങ്ങൾ എന്നും വെനീസിലെ ബുറാനോ എന്ന ചെറിയ ദ്വീപിലേക്ക് ദിവസേന വരുന്നവയാണെന്ന് നാഷണൽ ജ്യോഗ്രഫിക് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിന്ന് കാവേരി ഗണപതി അഹൂജയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.


‘കൊറോണാ പാൻഡമിക്കിന്റെ അപ്രതീക്ഷിതമായ സൈഡ് എഫക്ട് ആണിത്. വെനീസിലെ കനാലുകൾ ചരിത്രത്തിൽ ആദ്യമായി ഏറ്റവും വൃത്തിയുള്ളതായി കാണപ്പെട്ടു. മീനുകളെയും കാണാം, അരയന്നങ്ങൾ തിരിച്ചെത്തി.’ എന്നതായിരുന്നു ചിത്രങ്ങൾക്കൊപ്പമുണ്ടായിരുന്ന ട്വീറ്റ്. ഇന്ത്യയിൽ ജീവിക്കുന്ന കാവേരി യാഥാർത്ഥ്യം അറിയാതെയാണ് ഈ സന്ദേശം പ്രചരിപ്പിച്ചത്. എന്നാൽ ഇപ്പോൾ കാവേരിയുടെ പ്രതികരണം ഇങ്ങനെ, ‘ഈ ദുഃഖഭരിതമായ സമയത്ത് എനിക്ക് സന്തോഷം നൽകിയ ഒരു കാര്യം ഞാൻ പങ്കുവച്ചു. ഇത് വൈറലാവുമെന്ന് കരുതിയില്ല. കൂടാതെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് വിചാരിച്ചിട്ടുമില്ല. ട്വിറ്ററിൽ ഒരു എഡിറ്റ് ഓപ്ഷൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.’ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യാനും കാവേരിക്ക് താത്പര്യമില്ല കേട്ടോ… ഇക്കാര്യം ഇപ്പോഴും യഥാർത്ഥ്യമാണെന്നാണ് കാവേരിയുടെ വാദം. കാരണം വെനീസിലെ കനാലിലെ വെള്ളം സാധാരണയുള്ളതിനേക്കാൾ ഇപ്പോൾ വൃത്തിയുള്ളതാണ് എന്ന് അവർ പറയുന്നു. ഇത് കാവേരിക്ക് കിട്ടിയൊരു സ്വകാര്യ റെക്കോർഡ് ആണ്. ആദ്യമായാണ് തന്റെ ട്വീറ്റ് ഇങ്ങനെ പ്രചരിക്കുന്നതെന്ന് അവർ പറയുന്നു. അതിനാൽ ഇത് ഡിലീറ്റ് ചെയ്യാൻ ലവലേശം താത്പര്യം അവർക്കില്ല.


വെനീസിലെത്തിയ ഡോൾഫിനുകളുടെ കാര്യമോ? അവ ശരിക്കും വെനീസിന് മൈലുകൾക്കപ്പുറമുള്ള സാർഡീനിയയിലെ തുറമുഖത്ത്, മെഡിറ്ററേനിയൻ കടൽക്കരയിൽ പ്രത്യക്ഷപ്പെട്ടവയാണ്. വൈൻ കുടിച്ച് ഫിറ്റ് ആയ ആനകളുടെ ചിത്രത്തിന്റെ ഉറവിടം ഏതെന്ന് ആരും കണ്ടെത്തിയിട്ടില്ല. കൂടാതെ ഒരു ചൈനീസ് വാർത്ത റിപ്പോർട്ട് ഈ പോസ്റ്റുകളുടെ വിശ്വാസ്യത ഇല്ലാതാക്കി. ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഈ അടുത്ത് ആനകൾ വന്നിരുന്നു. എന്നാൽ ആ ആനകൾ ചിത്രത്തിലുള്ളവയല്ല. അവ മദ്യപിക്കുകയോ തേയില തോട്ടത്തിൽ മയങ്ങിക്കിടക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.


മോശമായ സാഹചര്യങ്ങളിൽ ആളുകളിൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാനുള്ള സാധ്യത ഏറുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യരിലെ വികാരങ്ങളാണ് ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ കുറേ ലൈക്കുകളും കമന്റുകളും ലഭിക്കുന്നത് ഒരു സോഷ്യൽ റിവാർഡ് ആയി ആളുകൾ കണക്കാക്കുന്നു. അവ നമുക്ക് മാനസികമായി നല്ലത് തോന്നിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നമ്മുടെ ഉള്ളിലെ സെൽഫ് എസ്റ്റീമിന് താത്കാലികമായൊരു ഉണർച്ച നൽകുമെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിലെ സോഷ്യൽ സൈക്കോളജിസ്റ്റ് ഇറിൻ വോഗൽ പറഞ്ഞു. ആളുകൾക്ക് പ്രതീക്ഷ നൽകുന്ന എന്തെങ്കിലും കാര്യമാണ് മോശമായ സാഹചര്യങ്ങളിൽ അവർ തെരയുക. മൃഗങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിലും അതുണ്ട്. പ്രകൃതിയും മൃഗങ്ങളും ഈ സാഹചര്യത്തിൽ കൂടുതൽ നന്നായിരിക്കുന്നു എന്ന കാര്യമാണ് ഇതിലൂടെ ആളുകളിലെത്തുന്നത്. മനുഷ്യർ ഇതിലൂടെ തങ്ങൾ കടന്നുപോകുന്ന കഷ്ടതകൾക്ക് അർത്ഥവും കാരണവും കണ്ടെത്തുന്നു.

Story highlight: fake animal news,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top