തുടർച്ചയായ 4 ദിവസത്തെ ഡ്യൂട്ടിക്കു ശേഷം തിരികെയെത്തുന്ന ഭിന്നശേഷിക്കാരനായ ലാബ് അസിസ്റ്റന്റ്; കയ്യടിച്ച് വരവേറ്റ് ഗ്രാമം: വീഡിയോ

കൊവിഡ് 19 വൈറസ് ബാധ ലോകത്തെ ആകമാനം പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. കേരളവും അതീവ ജാഗ്രതയിലാണ്. പേടിപ്പെടുത്തുന്ന വാർത്തകൾക്കിടയിലും എൻ്റെ നാടെന്ന് അഭിമാനിക്കാൻ ചിലത് സംഭവിക്കാറുണ്ട്. പ്രളയ സമയത്ത് തൻ്റെ മുതുകിൽ ചവിട്ടി വള്ളത്തിൽ കയറാൻ അവസരമൊരുക്കിയ മത്സ്യത്തൊഴിലാളിയും നിപ കാലത്ത് രോഗികളെ പരിചരിച്ച് രോഗത്തിനു കീഴടങ്ങിയ ലിനി സിസ്റ്ററും അടങ്ങുന്ന റിയൽ ലൈഫ് ഹീറോകളാണ് ഒരു പരിധി വരെ നമ്മുടെ ശുഭാപ്തി വിശ്വാസത്തെ നിലനിർത്തുന്നത്. എതൊക്കെ വന്നാലും എതിർത്തു തോല്പിക്കാൻ നമ്മൾക്ക് സാധിക്കുമെന്ന വിശ്വാസം നമുക്കുള്ളതും ഇതൊക്കെ കൊണ്ടാണ്. ഇപ്പോഴിതാ റിയൽ ലൈഫ് ഹീറോകളുടെ പട്ടികയിലേക്ക് ഒരാൾ കൂടി എത്തുകയാണ്.
എറണാകുളം പള്ളുരുത്തിയിൽ താമസിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ലാബ് അസ്സിസ്റ്റൻ്റ് എംഎം പ്രജിത്ത് ആണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി നേടുന്നത്. ഭിന്നശേഷിക്കാരനായ പ്രജിത്ത് തുടർച്ചയായ നാല് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷമാണ് വീട്ടിലേക്ക് തിരികെ എത്തിയത്. സംസ്ഥാനം ആശങ്കപ്പെട്ട് നിൽക്കുന്ന ഈ വേളയിൽ നാടിനു വേണ്ടി ജോലി ചെയ്ത പ്രജിത്തിനെ കയ്യടിച്ചാണ് നാട്ടുകാർ വരവേറ്റത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
https://www.facebook.com/shiju.das.33/videos/2694054847500603/
അതേ സമയം, സംസ്ഥാനത്തെ പതിനൊന്നു ജില്ലകളിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്കാണ് കടക്കുന്നത്. അവശ്യസേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി രോഗം സ്ഥിരീകരിച്ച ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.
ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണ് നിലവിലെ കേന്ദ്ര നിർദേശം. ഇതനുസരിച്ച് പൊതു പരിപാടികൾ നടത്തുന്നതിനും അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
Story highlight: differentely abled person,lab assistant, come back from 4 days continues duty, palluruthy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here