പരസ്പര വിരുദ്ധ തീരുമാനങ്ങൾ: പ്രധാനമന്ത്രിയെ വിമർശിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധ തീരുമാനങ്ങൾ എടുക്കുന്ന പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസണെ വിമർശിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. മുൻ ഇതിഹാസ താരം ഷെയിൻ വോൺ, ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് മോറിസണെ വിമർശിച്ച് രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനത്തിനു ശേഷമാണ് ഓസീസ് താരങ്ങൾ ട്വിറ്ററിൽ പൊട്ടിത്തെറിച്ചത്. സ്‌കൂളുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കും എന്ന്‌ പറഞ്ഞ സ്കോട്ട് മോറിസന്‍, ശവസംസ്‌കാര ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അറിയിച്ചു. ഇങ്ങനെ പരസ്പര വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ് പ്രധാനമന്ത്രി പറയുന്നതെന്ന് താരങ്ങൾ കുറ്റപ്പെടുത്തുന്നു.

“എല്ലാ ഓസ്ട്രേലിയക്കാരെയും പോലെ ഞാനും പ്രധാനമന്ത്രിയെ കേൾക്കുകയായിരുന്നു. എനിക്ക് മനസ്സിലായത് ഇതാണ്. “അത് അത്യാവശ്യമാണ്, അങ്ങനെയല്ലെങ്കിൽ. അങ്ങനെയെങ്കിൽ അത് അനിവാര്യമാവുക എന്നത് അത്യാവശ്യമല്ല. ഇതിനെക്കാൾ വ്യക്തമായി എനിക്ക് പറയാൻ കഴിയില്ല.”. ഒപ്പം ഷോപ്പിംഗ് സെൻ്ററിൽ നിന്ന് ആളുകൾക്ക് പുതിയ ഷർട്ട് വാങ്ങാൻ കഴിയുമെന്നോ? എന്താണിത്? പ്രധാനമന്ത്രിക്ക് ഞെട്ടൽ ഉണ്ടായിട്ടുണ്ട്. ഉറപ്പായും ഇപ്പോൾ ലോക്ക്ഡൗൺ നടപ്പിലാക്കണം.”- വോൺ ട്വീറ്റ് ചെയ്തു.

“പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനത്തിനു മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ആശയക്കുഴപ്പത്തിലാണ് ഞാൻ”- ഫിഞ്ച് കുറിച്ചു.

മുൻപ് രാജ്യത്തേക്ക് വരുന്നവർ സ്വയം ഐസൊലേറ്റ് ചെയ്യുമെന്ന് സർക്കാർ എങ്ങനെ മനസ്സിലാക്കുമെന്ന ചർച്ചയിലാണ് ഡേവിഡ് വാർണർ അഭിപ്രായം അറിയിച്ചത്. താനും അങ്ങനെ ചിന്തിക്കുന്നു എന്ന് ഫിഞ്ച് കുറിച്ചപ്പോൾ വിമാനത്താവളത്തിൽ നിന്ന് അവർ സഞ്ചരിക്കുന്ന പൊതു ഗതാഗത മാർഗങ്ങളെപ്പറ്റി എങ്ങനെ അറിയും എന്നായിരുന്നു വാർണർ കുറിച്ചത്.

Story Highlights: Aaron Finch, David Warner and shane warne question government’s coronavirus measures

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top