പള്ളികളില്‍ കുറച്ച് കാലത്തേക്ക് ജുമുഅ വേണ്ടെന്ന് കാന്തപുരം വിഭാഗം

ലോകത്താകമാനം ഭീതി ജനിപ്പിച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ജുമുഅ നമസ്‌കാരം നടത്തേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം. കൂട്ടംചേര്‍ന്നുള്ള ആരാധനകളൊന്നും നടത്താന്‍ പാടില്ല. വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നിര്‍വഹിക്കേണ്ടതില്ല. ഇക്കാര്യം സമസ്ത കേരള ജമാ അത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അടിയന്തരഘട്ടങ്ങളില്‍ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിസ്‌കാരം നിര്‍വഹിക്കുക എന്ന രീതിയും ഈ സാഹചര്യത്തില്‍ പാടില്ല. ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുത് എന്നിങ്ങനെയാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്.

അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശിച്ചത് പോലെ വീടുകളില്‍ ഒതുങ്ങിയിരിക്കുകയും പുറംലോകവുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കുകയും വേണം. വിശ്വാസികള്‍ വീടുകളിലിരുന്ന് തന്നെ ആരാധനകളില്‍ സജീവമാവുകയും കൊറോണ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ പ്രാര്‍ത്ഥനാ നിരതരാവുകയും ചെയ്യേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top