‘കൊവിഡ് പരത്തിയെന്ന പ്രചാരണം മാനസികമായി തളർത്തി’; രോഗമുക്തി നേടി വീട്ടിലെത്തിയ ചെങ്ങളം സ്വദേശികൾ പറയുന്നു

കൊവിഡ് 19 പരത്തിയെന്ന പ്രചാരണം മാനസികമായി തളർത്തിയെന്ന് രോഗവിമുക്തരായി വീട്ടിലെത്തിയ കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികൾ. 21 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ എത്തിയ ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.

രണ്ടാം ഘട്ടത്തിൽ കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികളുടെ മകൾ റീനയും മരുമകൻ റോബിനുമാണ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. രക്ഷപ്പെടുമെന്ന് കരുതിയില്ലെന്നും, ആരോഗ്യ പ്രവർത്തകർ നൽകിയ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് 21 ദിവസം കഴിച്ചുകൂട്ടിയതെന്നും റോബിൻ പ്രതികരിച്ചു.
നാട്ടിൽ രോഗം പരത്തിയെന്ന പ്രചാരണത്തിൽ തങ്ങൾക്കൊപ്പം, മാതാപിതാക്കളും ഏറെ വിഷമിച്ചെന്ന് റീന പറഞ്ഞു.

രോഗം ബാധിച്ചില്ലെങ്കിലും ആശുപത്രിയിലെ ഒറ്റമുറിയിലാണ് മകൾ നാലര വയസുകാരി റിയന്നയും താമസിച്ചത്. റീനയുടെ മാതാപിതാക്കളും സഹോദരനും ഇന്നലെ രോഗ വിമുക്തരായിരുന്നു. ഈ കുടുംബത്തിലെ വൃദ്ധ മാതാപിതാക്കൾ മാത്രമാണ് ഇനി ആശുപത്രിയിൽ ഉള്ളത്. ഇവരുടെ ഒരു പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഒരുതവണകൂടി നെഗറ്റീവ് ഫലം വന്നാൽ ഇവരും ആശുപത്രി വിടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top