Advertisement

വഴിയടച്ച് കർണാടക; തലപ്പാടി ചെക് പോസ്റ്റിൽ പൊലീസ് തടഞ്ഞ് തിരിച്ചയച്ച രോഗി മരിച്ചു

March 29, 2020
Google News 1 minute Read

ലോക്ക് ഡൗണിനിടെ കാസർഗോഡ് ചികിത്സ കിട്ടാതെ ഒരു മരണം കൂടി. ആംബുലൻസുകളെ പോലും കർണാടക അതിർത്തി വഴി കടത്തിവിടുന്നില്ല. കാസർഗോഡ് തലപ്പാടി ചെക് പോസ്റ്റിൽ കർണാടക പൊലീസ് തടഞ്ഞ് തിരിച്ചയച്ച രോഗി മരിച്ചു. മഞ്ചേശ്വരം ഉദ്യാവരയിലെ പാത്തുമ്മസ എന്ന വയോധികയാണ് മരിച്ചത്.

മംഗളുരു സ്വദേശിയായ പാത്തുമ്മ മഞ്ചേശ്വരം ഉദ്യാവരയിലെ മകന്റെ വീട്ടിലായിരുന്നു. രോഗം മൂർഛിച്ചതോടെ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും തലപ്പാടി ചെക് പോസ്റ്റിൽ കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞ് തിരിച്ചയച്ചു. വീട്ടിൽ വച്ച് പുലർച്ചെയാണ് മരണം സംഭവിച്ചത്. കേണപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള രോഗികളെ കർണാടയിലേക്ക് കടത്തിവിടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് ആംബുലൻസ് ഡ്രൈവർ അസ്ലം പറഞ്ഞു.

കാസർഗോട്ടെ അതിർത്തി മേഖലകളിലെ ആളുകൾ പൂർണമായും ആശ്രയിക്കുന്നത് മംഗളുരുവിലെ ആശുപത്രികളെയാണ്. അതിർത്തികളടച്ചതോടെ
ഡയാലിസിസ് രോഗികളടക്കം നേരിടുന്ന പ്രശ്‌നങ്ങൾ മുഖ്യമന്ത്രി കർണാടക സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരത്തിന് കർണാടക വഴങ്ങുന്നില്ല. ഇത് ദിവസേന പ്രതിസന്ധി ഗുരുതരമാക്കുകയാണ്. ആശുപത്രി സർവീസുകൾക്കു പോലും വഴിമുടക്കുന്ന കർണാടകയുടെ നിലപാടിനോട് പ്രതിഷേധമുയരുന്നുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കോ മറ്റ് ആശുപത്രികളിലേക്കോ പോകുന്നത് ദൂരക്കൂടുതലായതിനാൽ മംഗളുരുവിനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ജില്ലയിലെ പ്രധാന ആശുപത്രികൾ കൊവിഡ് ആശുപത്രികളായി സജ്ജീകരിച്ചതോടെ ആരോഗ്യരംഗത്ത് വെല്ലുവിളികളും നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് തലപ്പാടിവഴി അത്യാവശ്യ സർവീസുകൾക്കുള്ള കർണാടകത്തിന്റെ യാത്രാവിലക്കും.

Story highlight: Karnataka blocked the way, The patient has died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here