കൊച്ചിയിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്ത് കളക്ടർ; സഹജീവികളോടും വേണം കരുതൽ; കുറിപ്പ്

കൊച്ചിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ക്ഷേമം അന്വേഷിച്ച് ജില്ലാ കളക്ടർ എസ് സുഹാസ്. ലോക്ക് ഡൗണിൽ മനുഷ്യനേക്കാൾ ദുരിതം നേരിടുന്നത് തെരുവു നായ്ക്കളാണ്. മൃഗ സ്‌നേഹികൾ ഭക്ഷണം എത്തിക്കുന്നതും കാത്തിരിക്കുകയാണ് ഈ നായ്ക്കൾ. ചിലരെത്തി ഭക്ഷണം നൽകുന്നുണ്ട്. മൃഗസ്‌നേഹികൾക്കൊപ്പം തെരുവിലെ മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകിയാണ് കളക്ടർ മടങ്ങിയത്. മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ക്ഷേമം മാത്രമല്ല, മൃഗങ്ങളുടെ സംരക്ഷണത്തിനും പരിഗണന നൽകുമെന്ന് കളക്ടർ. ജില്ലയിലെ വിവിധയിടങ്ങളിൽ എത്തി കളക്ടർ തെരുവുനായ്ക്കളുടെ സാഹചര്യങ്ങൾ പരിശോധിച്ചു. മൃഗക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർക്കും മൃഗ സ്‌നേഹികൾക്കും നിർദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്. തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഫേസ്ബുക്കിലും കളക്ടർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുറിപ്പ് വായിക്കാം
കൊവിഡ് കാലത്ത് സഹജീവികളോടും വേണം, കരുതൽ. ലോക്ക് ഡൗൺ കാലത്ത് നമ്മൾ മാത്രമല്ല മറ്റ് ജീവജാലങ്ങളും പ്രയാസമനുഭവിക്കുന്നുണ്ട്. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ശാസ്താംകോട്ടയിലെ വാനരൻമാരെ കുറിച്ചും പനമ്പട്ട കിട്ടാത്ത ആനകളെ കുറിച്ചും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. ജില്ലയിലെ തെരുവുകളിലും ഭക്ഷണമില്ലാതെ പട്ടിണിയായ നായകളും പൂച്ചകളുമുണ്ട്. ഇവർക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള സംരംഭത്തിന് ഇന്ന് തുടക്കം കുറിച്ചു.
ജില്ലാ ഭരണകൂടം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൺനെസ്, ധ്യാൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ പ്രവർത്തകരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വൺനസ് സംഘടനയിലെ 22 വോളന്റിയർമാർ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവുമൃഗങ്ങൾക്കായി ഭക്ഷണം എത്തിക്കുന്നത്. ഓരോ പ്രദേശത്തും മൃഗങ്ങൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവരുടെ ഭക്ഷണ വിതരണം. കൂടാതെ വോളന്റിയർമാർ അവരുടെ വീടിന് സമീപത്തും ഇത്തരത്തിൽ തെരുവുമൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.
രാവിലെ 9 മുതൽ 12 വരെയും വൈകീട്ട് അഞ്ച് മുതൽ എട്ടു വരെയുമാണ് ഇവർക്ക് ഭക്ഷണ വിതരണത്തിന് അനുമതി നൽകിയിട്ടുള്ളത്. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങൾക്കായി ഇവർ തയ്യാറാക്കുന്നത്. ചോറിനു പുറമെ ബിസ്‌ക്കറ്റുകളും മൃഗങ്ങൾക്കുള്ള ആഹാരവും ചേർത്താണ് വൺനെസിന്റെ ഭക്ഷണ വിതരണം.
നിരവധി പ്രവർത്തനങ്ങൾക്കൊപ്പം തെരുവുമൃഗങ്ങൾക്കു നേരെയും കരുണയുടെ കൈകൾ നീട്ടുകയാണ് ധ്യാൻ ഫൗണ്ടേഷൻ. തെരുവുകളിൽ ഭക്ഷണം കിട്ടാതെ അലയുന്ന മൃഗങ്ങൾക്ക് സ്നേഹത്തോടെ ഭക്ഷണമെത്തിക്കുക എന്നതിനെ സ്വന്തം ചുമതലായി ഇവർ സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ രോഗംബാധിച്ച മൃഗങ്ങൾക്കായി ഷെൽറ്ററുകളും അവർ നടത്തുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ്പുകൾ ഉൾപ്പടെയുള്ളവ എടുത്ത ശേഷം ദത്ത് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ധ്യാൻ ഫൗണ്ടേഷൻ നൽകുന്നുണ്ട്.
മൃഗ സംരക്ഷണ വകുപ്പും സന്നദ്ധ സംഘടനകളും ചേർന്ന് നടത്തുന്ന ഭക്ഷണവിതരണത്തിൽ ഇന്ന് പങ്കാളിയായി. എറണാകുളം ബോട്ട് ജെട്ടിക്കുസമീപം തെരുവിൽ അലഞ്ഞു നടന്ന മൃഗങ്ങൾക്കായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.
തെരുവിൽ കഴിയുന്ന മൃഗങ്ങളുടെ ഭക്ഷണ സൗകര്യമുൾപ്പടെ ഒരുക്കാൻ മൃഗ സംരക്ഷണ വകുപ്പും മുൻ പന്തിയിലുണ്ട്. അതിനായി ഹെൽപ് ലൈൻ നമ്പറും അവർ ആരംഭിച്ചു കഴിഞ്ഞു. 9995511742 എന്ന നമ്പറിൽ തെരുവിൽ കഴിയുന്ന മൃഗങ്ങളെ സംബന്ധിച്ച വിവരങ്ങളും തെരുവു മൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നതിൽ ഉണ്ടാവുന്ന തടസങ്ങളും വിളിച്ചറിയിക്കാം.
കൊവിഡ് കാലത്ത് മനുഷ്യരോടു മാത്രമല്ല സഹജീവികളോടും കരുതൽ വേണമെന്ന ഓർമപ്പെടുത്തൽ നമുക്ക് ഏറ്റെടുക്കാം.
coronavirus, ernakulam collector, stray dogs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here