കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി മിതാലി രാജ് അടക്കമുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾ

രാജ്യത്ത് പടർന്നു പിടിക്കുന്ന കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി മിതാലി രാജ് അടക്കമുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾ. മിതാലി രാജ്, പൂനം യാദവ്, ദീപ്തി ശർമ്മ എന്നീ താരങ്ങളാണ് സംഭാവന നൽകിയത്. പുരുഷ ക്രിക്കറ്റ് താരങ്ങളും വൈറസ് പ്രതിരോധത്തിനെതിരായ പോരാട്ടങ്ങൾക്ക് സംഭാവന നൽകിയിരുന്നു.
ഇതിഹാസ ബാറ്റർ മിതാലി രാജ് 10 ലക്ഷം രൂപയാണ് നൽകിയത്. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 5 ലക്ഷം രൂപ വീതമാണ് സംഭാവന നൽകിയത്.ലെഗ് സ്പിന്നർ പൂനം യാദവ് 2 ലക്ഷം രൂപ നൽകി. കെയേഴ്സ് ഫണ്ടിലേക്കും യുപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് പൂനം യാദവ് സംഭാവന നൽകിയത്. ഓൾറൗണ്ടർ ദീപ്തി ശർമ്മ 1.5 ലക്ഷം രൂപയാണ് സംഭാവന നൽകുക.
ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ 80 ലക്ഷം രൂപ സംഭാവന നൽകി. പ്രധാനമന്ത്രിയുടെ കെയേഴ്സ് ദുരിതാശ്വാസനിധിയിലേക്ക് 45 ലക്ഷം രൂപ നൽകിയ രോഹിത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വേണ്ടി നടപ്പിലാക്കിയ ‘സൊമാറ്റോ ഫീഡിംഗ് ഇന്ത്യ’ ക്യാമ്പയിനിലേക്ക് 5 ലക്ഷം രൂപയും തെരുവു നായ്ക്കളുടെ സംരക്ഷണത്തിനായി 5 ലക്ഷം രൂപയും രോഹിത് നൽകി.
നേരത്തെ, സച്ചിൻ തെണ്ടുൽക്കർ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നൽകിയിരുന്നു. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്‌റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.
Story Highlights: Mithali Raj, Poonam Yadav Make Contributions To COVID-19 Relief Funds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here