Advertisement

ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനം നാളെ; പൊതുമേഖലയിൽ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകൾ മാത്രമാകും

March 31, 2020
Google News 2 minutes Read

ഇന്ത്യൻ പൊതുമേഖല ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം നാളെ നടക്കും. ഇതോടെ പൊതുമേഖലയിൽ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകൾ മാത്രമാകും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ് ലയിക്കുന്നത്. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറയ്ക്കുക, അതുവഴി സാമ്പത്തിക കരുത്തേറിയ വലിയ ബാങ്കുകൾ സൃഷ്ടിക്കുക എന്നതാണ് ഈ ഭീമൻ ലയനങ്ങൾക്ക് കേന്ദ്രസർക്കാർ കാരണമായി പറഞ്ഞിട്ടുള്ളത്.

നാളത്തെ ലയനത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറും. ലയനത്തോടെ പിഎൻബിയുടെ ബിസിനസ് 17.94 ലക്ഷം കോടിയാകും. ഒന്നാം സ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ തുടരും. കാനറ ബാങ്ക് ആയിരിക്കും ഈ നിരയിൽ ഇനിമുതൽ നാലാം സ്ഥാനത്ത്. 15.20 ലക്ഷം കോടിയായി ബാങ്കിന്റെ ബിസിനസ് ഉയരുകയും ചെയ്യും. യൂണിയന് ബാങ്ക് അഞ്ചാം സ്ഥാനത്തും ഇന്ത്യൻ ബാങ്ക് ഏഴാം സ്ഥാനത്തും ലയനശേഷം എത്തും.

ലയിക്കപ്പെടുന്ന ബാങ്കുകളിലെ ഉപഭോക്താക്കൾ ലയന ദിവസം തന്നെ ലയിച്ച ബാങ്കുകളിലെ(ആങ്കർ ബാങ്കുകൾ) ഉപഭോക്താക്കളായി മാറും. ഇതോടെ ഇവരുടെ ചെക്ക് ബുക്ക്, പാസ് ബുക്ക്,വായ്പ്പ ബാധ്യതകൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ആങ്കർ ബാങ്കിന്റെതായി മാറുകയും ചെയ്യും.

ഇത് മൂന്നാം തവണയാണ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര സർക്കാർ തയ്യാറായിരിക്കുന്നത്. 2017 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ച് അനുബന്ധ ബാങ്കുകളും(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-എസ്ബിടി ഉൾപ്പെടെ) ഭാരതീയ മഹിള ബാങ്കും എസ്ബി ഐയിൽ ലയിപ്പിച്ചിരുന്നു. ഇതുകൂടാതെ 2019 ൽ വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് േേബറാഡയിലും ലയിപ്പിച്ചു.

ലയനത്തിലൂടെ കരുത്തുള്ള ബാങ്കുകൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്നു കേന്ദ്ര സർക്കാർ പറയുമ്പോഴും ലോകത്തിലെ വലിയ 10 ബാ്ങ്കുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നും ഒരു ബാങ്ക് പോലും ഉൾപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ലോകത്തിലെ അമ്പത് വലിയ ബാങ്കുകളുടെ കൂട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഇടം കിട്ടിയിട്ടുണ്ടെന്നതു മാത്രമാണ് ആശ്വാസകരമായ വാർത്ത. ഇത്തരം യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ലയനങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ വിമർശകർ രംഗത്തു വരുന്നതും.

Story highlight: World’s biggest bank merger, tomorrow ,There will be only 12 commercial banks in the public sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here