ഇന്ത്യയോട് മരുന്ന് കയറ്റുമതി ചെയ്യാൻ അഭ്യർത്ഥിച്ച് ഡൊണൾഡ് ട്രംപ്

ഇന്ത്യയോട് കൊറോണയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് നൽകാൻ അഭ്യർത്ഥിച്ച് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ട്രംപ് ഇക്കാര്യം അഭ്യർത്ഥിച്ചതായാണ് വിവരം. ഇന്നലെ രാവിലെ നരേന്ദ്ര മോദിയോട് ഇക്കാര്യം അഭ്യർത്ഥിച്ചെന്നാണ് ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ മാസമാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്ന് അമേരിക്ക ഇന്ത്യയിൽ നിന്ന് ഓർഡർ ചെയ്തത്. പക്ഷേ മരുന്നുകൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വച്ചതിനാൽ ഇന്ത്യയിൽ നിന്ന് മരുന്ന് ലഭ്യമല്ലാതാകുകയായിരുന്നു. ‘ഞാൻ മോദിയെ രാവിലെ വിളിച്ചിരുന്നു. അവർ വലിയ അളവിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യ അഭ്യർത്ഥന ഗൗരവമായി പരിഗണിക്കുന്നുണ്ട്.’ മാധ്യമങ്ങളോട് ട്രംപ് വൈറ്റ് ഹൗസിൽ വച്ച് ഇന്നലെ പറഞ്ഞു.
ഇന്ത്യയുടെ വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ കഴിഞ്ഞ മാസം 25നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിർത്തലാക്കിയത്. എന്നാൽ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിൽ ചില സാഹചര്യങ്ങളിൽ കയറ്റുമതി അനുവദിച്ചേക്കാമെന്നും പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം വളരെയധികം മരുന്ന് ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ട്. വലിയ തോതിലാണ് ഇതിന് വേണ്ടി പണമൊഴുക്കുന്നത്. മലമ്പനിയ്്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്ന് കൊറോണ വൈറസ് ട്രീറ്റ്‌മെന്റിന് ഉപയോഗിക്കാമെന്ന് തെളിഞ്ഞതാണ്.
Read Also: കൊറോണയ്ക്ക് എതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടും
അതേസമയം അമേരിക്കയിൽ സ്ഥിതി വളരെയധികം ആശങ്ക നിറഞ്ഞതാണ്. 38000 ആളുകളിൽ ഇതിനോടകം കൊവിഡ് ബാധ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ മരണ സംഖ്യ 3000ന് അടുത്തായി. 8250 ആളുകൾ മരണമടഞ്ഞു. ന്യൂയോർക്കിൽ അരോഗ്യ ഉപകരണങ്ങൾ ചൈനയിൽ നിന്നും ഒറിഗണിൽ നിന്നും ഇറക്കി വരുത്താനുള്ള തയാറെടുപ്പിലാണ്. എല്ലാവർക്കും മാസ്‌ക് ഉറപ്പാക്കണമെന്ന് അമേരിക്കയുടെ ഡിസീസ് കൺട്രോൾ യൂണിറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ കൊറോണ വൈറസിനെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വിഷയത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫോണിലൂടെയാണ് ഇരുവരും ചർച്ച നടത്തിയത്. ഇന്ത്യാ അമേരിക്കാ നയതന്ത്ര ബന്ധത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് കൊവിഡിനെതിരെ പോരാടും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പങ്കുവച്ചത്.
donald trump, narendra modi, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here