Advertisement

സാമ്പത്തിക ലോകത്തെ വർത്തമാനങ്ങളും ലോക്ക് ഡൗൺ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും [24Explainer]

April 5, 2020
Google News 1 minute Read

രാജ്യാന്തര നാണ്യ നിധിയുടെ മേധാവി ക്രിസ്റ്റലീന ജോർജീവ മൂന്നാം തവണയും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകി. ലോകബാങ്ക് പ്രസിഡന്റും ആരോഗ്യ രംഗത്തെ തകർച്ചയ്ക്കപ്പുറമുള്ള സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടി. അതേസമയം തന്നെ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകളും കൊവിഡ് ആശ്വാസ പദ്ധതികളും സാമ്പത്തിക മേഖലയ്ക്ക് ചെറിയ മുന്നേറ്റമുണ്ടാക്കുമെന്ന് കരുതുന്നവരുമുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂന്ന് തരത്തിലാകാമെന്നാണ് വിലയിരുത്തൽ

*ആദ്യ സാധ്യത ചൈനയെപ്പോലെ വേഗം തന്നെ സാമ്പത്തിക രംഗം ഉണർവ് പ്രാപിക്കും. ഏപ്രിൽ മേയ് മാസത്തോടെ രോഗം നിയന്ത്രണ വിധേയമാകുകയും 2020 പകുതിയോടെ രാജ്യങ്ങൾ പൂര്വസ്ഥിതിയിലേക്കെത്തുകയും ചെയ്യും.

*സാധ്യത 2 – രോഗനിയന്ത്രണത്തിന് കൂടുതൽ സമയമെടുക്കുകയും ഇത് 2020 മുഴുവനായും തകർച്ചയുടേതാക്കി മാറ്റും

*സാധ്യത 3 – രോഗനിയന്ത്രണം അനന്തമായി നീണ്ടുപോകുകയോ, വൈറസ് വീണ്ടും ഉദയം ചെയ്ത് കാര്യങ്ങൾ പഴയ നിലയിലേക്കെത്തിക്കുകയോ ചെയ്‌തേക്കാം. അഴിമതിയും ജനങ്ങളോട് പരിഗണന കാട്ടാത്തതുമായ സർക്കാരുകൾ ഉള്ള രാജ്യങ്ങളിൽ സ്ഥിതിഗതികൾ സങ്കീർണ്ണമാകുമെന്നും മുന്നറിയിപ്പുണ്ട്.

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ രണ്ട് സർവ്വേ ഫലങ്ങൾ പുറത്തുവിട്ടിരുന്നു . ഇതിലൊന്ന് ലോക്ക് ഡൗണിന് മുൻപ് ജനുവരി മുതലുള്ള സമയത്ത് നടത്തിയതാണ്. വ്യവസായമേഖലയിലെ 860 കമ്പനികൾ ഇതിൽ പങ്കെടുത്തു. സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന ശുഭാപ്തി വിശ്വാസമാണ് കമ്പനികൾ ആദ്യ സർവേയിൽ പങ്കുവെച്ചത്. എന്നാൽ കൊവിഡ് പ്രഭാവം അളക്കാനായി ദ്രുതഗതിയിൽ നടത്തിയ രണ്ടാം സർവേയിൽ സാമ്പത്തിക ആത്മവിശ്വാസമില്ലായ്മയാണ് പ്രകടമായത്. ഉപഭോക്താക്കളുടെ ആത്മവിസ്വാസത്തിലാണല്ലോ സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്ക്. എന്നാൽ രണ്ടാം സർവ്വേ ചൂണ്ടിക്കാട്ടുന്നത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം സർവകാല ഇടിവിലാണെന്നാണ്. ഇതിനുപുറമെ ബാങ്കുകളുടെ കിട്ടാക്കടം പെരുകുമെന്ന മുന്നറിയിപ്പും സർവേകൾ നൽകുന്നു.

കമ്പനികളുടെ വൈവിധ്യ വത്കരണം- ലോക്ക്ഡൗണിൽ നിർമാണം നിർത്തിവയ്‌ക്കേണ്ടി വന്നപ്പോൾ വൈവിധ്യവത്കരണത്തിലേക്ക് പോവുകയാണ് കമ്പനികൾ. ജനപ്രിയ എസ്‌യുവി ഹെക്ടറിന്റെ നിർമാതാക്കളായ എംജി മോട്ടോർസ് ഗുജറാത്തിലെ ഹാളോൾ പ്ലാന്റിൽ വെന്റിലേറ്ററുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ്. ഇതിനൊരു പ്രോട്ടോടൈപ്പ് നിർമിക്കുന്നതിനായി ജിഇ ഉൾപ്പെടെ 3 കമ്പനികളുമായി ചർച്ചയിലാണ് എംജി. ഇതിനുപുറമെ ചെലവുകുറഞ്ഞ വെന്റിലേറ്റർ നിർമാണത്തിന്റെ സാങ്കതിക വിദ്യ കണ്ടെത്തി പങ്കു വെക്കുന്ന യുവ എഞ്ചിനീർമാർക്കും സംരംഭകർക്കും 10 ലക്ഷം രൂപ വാഗ്ദാനവുമുണ്ട്.

വരും ആഴ്ചയിൽ ഓർക്കേണ്ട സാമ്പത്തിക കാര്യങ്ങൾ :

1. ബാങ്ക് ലയനത്തിന്റെ ശേഷം ഉപഭോക്താക്കൾ അറിയേണ്ടത്

നിങ്ങളുടെ നിലവിലെ ബാങ്കിൽ കെ വൈ സി നൽകിയിട്ടുണ്ടെങ്കിൽ വീണ്ടും നൽകേണ്ടതില്ല

ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഉടൻ ചെയ്യുക .ഇല്ലെങ്കിൽ ലയനശേഷം അക്കൗണ്ട് നമ്പർ മാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള ബാങ്ക് അറിയിപ്പുകൾ ലഭിക്കില്ല

ഇനിയൊരറിയിപ്പ് വരും വരെ നിങ്ങളുടെ അക്കൗണ്ട് നമ്പർ , ഐ എഫ് എസ് സി കോഡ് , എം ഐ സി ആർ ഡെബിറ്റ് കാർഡ് എന്നിവയിൽ മാറ്റമുണ്ടാകില്ല . ലോക്ക് ഡൗണിനു ശേഷം മാറ്റമുണ്ടെങ്കിൽ ബാങ്ക് ഇതറിയിക്കും .

പുതിയ അറിയിപ്പ് കിട്ടും വരെ നിലവിലെ ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാം .

അക്കൗണ്ടിൽ നിന്ന് പിൻവലിക്കാവുന്ന തുക വായ്പ മാനദണ്ഡങ്ങൾ പലിശ നിരക്ക് എന്നിവ നിലവിലെ പോലെ തുടരും .

നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും .ലയനം മൂലം പണം നഷ്ടപ്പെടില്ല .

നിങ്ങൾ വലിയൊരു ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാകുന്നതിന്റെ സൗകര്യങ്ങൾ ലഭ്യമാണ് .കൂടുതൽ എ ടി എമ്മുകളിൽ സൗജന്യ സേവനം കൂടുതൽ വായ്പാ ലഭ്യത ഒക്കെ ലയനത്തിന്റെ ലയനത്തിന്റെ നല്ല വശങ്ങളാണ്

ഇന്റർനെറ്റ് മൊബൈൽ ബാങ്കിങ്ങും പുതിയ അറിയിപ്പുവരെ നിലവിലെ രീതിയിൽ തുടരും .

2 . ഇപിഎഫ് ഓ യിൽ നിന്ന് പണം പിൻവലിക്കൽ 

കോവിഡ് പശ്ചാത്തലത്തിലെ പണപ്രതിസന്ധി പരിഹരിക്കാൻ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ എൻ ആർ എ സൗകര്യം കേന്ദ്രസർക്കാർ നൽകിയിരുന്നു . ഇത് ജീവനക്കാർക്കുപയോഗിക്കാം

പിഎഫ് നിക്ഷേപത്തിന്റെ 75 ശതമാനം അല്ലെങ്കിൽ അടിസ്ഥാന ശമ്പളവും ഡിഎയും കൂട്ടിയാൽ കിട്ടുന്ന 3 മാസത്തെ ശമ്പളം ഇതിലേതാണോ കുറവ് , അത്രയും തുക പിൻവലിക്കാം.

തുക പിൻവലിക്കാനുള്ള അപേക്ഷ ലളിതമായി ഓൺലൈനിൽ നൽകാം .

ഈ തുക തിരിച്ചടക്കേണ്ട

യൂണിഫൈഡ് പോർട്ടലിൽ ഓൺലൈൻ അപേക്ഷ നൽകാം .

3 . ജിഎസ്ടി യുടെ ഭാഗമായുള്ള ഇവേ ബില്ലുകളുടെ വാലിഡിറ്റി നീട്ടി നൽകിയതായി സർക്കാർ അറിയിച്ചു. പല ചരക്ക് വാഹനങ്ങളും ലോക്ക് ഡൗണിൽ പെട്ട് കിടക്കുന്നതിനാലാണ് കാലപരിധി നീട്ടിയത്. മാർച്ച് 20 മുതൽ ഏപ്രിൽ 15 വരെയുള്ള ഇ വേ ബില്ലുകളുടെ വാലിഡിറ്റി ജൂൺ 30 വരെയാക്കി.

4. നികുതിയിളവിനായുള്ള ഫോം 15 ജി / 15 എച് എന്നിവയുടെ കലാപരിധിയും 2020 ജൂൺ 30 വരെയാക്കിയതതായി സിബിഡിടി അറിയിച്ചു. മുൻവർഷം നൽകിയ ഫോമുകൾ ജൂൺ 30 വരെ നിലനിൽക്കും .

5. ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം ആവശ്യമുള്ളവർ അതിനായി അപേക്ഷിക്കണം. വിവിധ ബാങ്കുകൾ മോറട്ടോറിയം വ്യവസ്ഥകളും അപേക്ഷിക്കണ്ട രീതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യവസ്ഥകൾ ശരിയായി വായിച്ചതിന് ശേഷം മാത്രം അപേക്ഷ നൽകുക.

മൂലധന വിപണികളിൽ പുതുക്കിയ സമയക്രമം നിലവിൽ വരും . വിപണികൾ രാവിലെ 10 ഉച്ചക്ക് 2 വരെമാത്രമാകും പ്രവർത്തിക്കുക . മഹാവീര ജയന്തി പ്രമാണിച്ചു ഇന്ത്യൻ ഓഹരിവിപണികൾ ഏപ്രിൽ 6 തിങ്കളാഴ്ച പ്രവർത്തിക്കില്ല .

വനിതകളുടെ ജൻധൻ അക്കൗണ്ട് വഴി തിങ്കളാഴ്ച പണവിതരണമില്ല .

Story Highlights- lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here