Advertisement

അതിവേഗ കൊവിഡ് രോഗ നിർണയത്തിന് ‘വിസ്‌കുമായി’ എറണാകുളം ജില്ലാ ഭരണകൂടം; ഇന്ത്യയിൽ തന്നെ ഇതാദ്യം

April 6, 2020
Google News 1 minute Read

കാക്കനാട് പേഴ്‌സണൽ പ്രോട്ടക്ഷൻ കിറ്റിന്റെ ലഭ്യതക്കുറവും അത് ഉപയോഗിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾക്കും വിസ്‌കിലുടെ പരിഹാരം കണ്ട് എറണാകുളം ജില്ല ഭരണകൂടം. വാക്ക് ഇൻ സാപിൾ കിയോസ്‌ക് അഥവാ വിസ്‌ക് എന്ന പുതിയ സംവിധാനത്തിൽ ആരോഗ്യപ്രവർത്തകർക്ക് രണ്ട് മിനിട്ടിൽ താഴെ സമയം കൊണ്ട് സാംപിളുകൾ ശേഖരിക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താൽ സാംപിൾ ശേഖരണമെന്നതാവും ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ വിസ്‌കുകൾ ഈ പ്രവർത്തനത്തെ കൂടുതൽ എളുപ്പമാക്കുന്നു. അണുവിമുക്തമായി തയാറാക്കപ്പെട്ട കിയോസ്‌കുകളിൽ സാംപിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിൾ ശേഖരിച്ച ശേഷവും കിയോസ്‌കിൽ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ളത്.

ജില്ലാ ഭരണകൂടത്തിൻറെയും ആരോഗ്യവകുപ്പിന്റെയും നിർദേശ പ്രകാരം മെഡിക്കൽ കോളജ് ആർഎംഒ ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാൻ ആശയം പ്രാവർത്തികമാക്കാൻ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ച് കൈമാറുകയും ചെയ്തു. ദക്ഷിണ കൊറിയയിൽസാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്.

പിപിഇ കിറ്റുകൾ കൂടുതൽ സമയമണിഞ്ഞു നിൽക്കുന്നത് ആരോഗ്യ പ്രവർത്തകർക്കും ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ആയിരം രൂപയോളം വിലയുള്ള കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനും സാധിക്കു. കൊവിഡ് 19 കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ പിപിഇ കിറ്റുകളുടെ ദൗർലഭ്യ സാധ്യതയും ആരോഗ്യ പ്രവർത്തകർ തള്ളിക്കളയുന്നില്ല. ഈ അവസരങ്ങളിൽ വിസ്‌ക് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി മെഡിക്കൽ കോളേജ്, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും സാമ്പിൾ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാമ്പിൾ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാമ്പിൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിൻറെ ഭാഗമായി നിർമിച്ച ആദ്യ കിയോസ്‌കുകൾ എറണാകുളം ജില്ല കളക്ടകർ എസ്. സുഹാസിന് കിയോസ്‌കിന്റെ നിർമാതാക്കൾ കൈമാറി.

Story Hiighlights- coronavirus, wisk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here