Advertisement

തലപ്പാടി വഴി മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന ആംബുലൻസുകളെ ഉപാധികളോടെ കടത്തിവിടും

April 7, 2020
Google News 0 minutes Read

തലപ്പാടി വഴി മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന ആംബുലൻസുകളെ ഉപാധികളോടെ മാത്രം അതിർത്തി കടത്തിവിടാൻ ഉത്തരവ്. രാത്രി ഏറെ വൈകിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ദക്ഷിണ കന്നഡ ഭരണകൂടം ഇറക്കിയത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും കർശന പരിശോധനയാണ് അതിർത്തിയിലുണ്ടാവുക. സർട്ടിഫിക്കറ്റ് നൽകുന്നതിനായി പ്രത്യേക ഉത്തരവിലൂടെ മെഡിക്കൽ ഓഫീസറുമാരെ കാസർഗോഡ് ജില്ലാ കളക്ടർ നിയോഗിച്ചു.

കൊവിഡ് രോഗികളല്ലാത്ത അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾക്കാണ് പ്രവേശനം അനുവദിക്കുക. മാത്രമല്ല പ്രസ്തുത രോഗത്തിന് കേരളത്തിൽ ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തിലാണ് മംഗലൂരുവിലേക്ക് വരുന്നതെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തണം. കാസർഗോഡ് ജില്ലയിൽ ചികിത്സ ലഭ്യമല്ലാത്ത കാർഡിയാക്, ന്യൂറോ, ആർടിഎ, പ്രസവാനന്തര സങ്കീർണതകൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കാണ് രോഗികളുമായുള്ള ആംബുലൻസ് കടത്തി വിടുക. റോഡ് അപകടത്തിൽ പെടുന്നവർ ഉൾപ്പടെ അടിയന്തിര വൈദ്യസഹായം ആവശ്യം ഉള്ളവർക്കും ഉപാധികളോടെ അതിർത്തി കടക്കാം.

സാക്ഷ്യ പത്രം വിശകലനം ചെയ്യുന്നതിനായി മംഗൽപാടി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻമാരെ ജില്ലാ കളക്ടർ ഡി സജിത്ത് ബാബു പ്രത്യേക ഉത്തരവിലൂടെ നിയമിച്ചു. ഇവരുടെ സേവനം തലപ്പാടിയിൽ ലഭിക്കും. അവിടെ 108 ആംബുലൻസിന്റെ സേവനവും ലഭ്യമാക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്.

രോഗിയോടൊപ്പം ഒരു സഹായിയും ഡ്രൈവറും ഒരു പാരാ മെഡിക്കൽ ജീവനക്കാനും മാത്രമേ അനുവദിക്കുകയുള്ളു. നിർദേശങ്ങൾ പാലിച്ചെന്ന് ഉറപ്പു വരുത്താൻ കർണാടക മെഡിക്കൽ സംഘവും അതിർത്തിയിലുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here