പൊലീസ് റാങ്ക് പട്ടികാ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ

കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ പി.എസ്.സിയുടെ പൊലീസ് റാങ്ക് പട്ടിക നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ. പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് മാസത്തോളം നിയമനം മരവിപ്പിച്ച പട്ടികയിലുള്ളവർക്കാണ് ലോക്ക് ഡൗൺ കാരണം വീണ്ടും അവസരം നഷ്ടപ്പെടുന്നത്. ജൂൺ 30ന് അവസാനിക്കുന്ന കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം.
കെഎപി നാലാം ബറ്റാലിയനിലേക്കുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ജൂൺ 18ന് മുൻപ് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകൾക്ക് ലോക്ക് ഡൗൺ കാരണം അധിക സമയം നൽകാൻ പി.എസ്.സി തീരുമാനിച്ചിരുന്നു. 1250 ഓളം പേർ പൊലീസ് റാങ്ക് പട്ടികയിലുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മുൻ എസ്എഫ്‌ഐ നേതാക്കൾ പ്രതികളായ പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസ് കാരണം പട്ടിക അഞ്ച് മാസത്തോളം മരവിപ്പിച്ചിരുന്നു. ഒരു തവണ മാത്രമാണ് ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയത്.
ഫെബ്രുവരിയിൽനടന്ന നിയമനം വഴി 375 പേരെ സേനയിലെടുത്തെങ്കിലും ലോക്ക് ഡൗൺ കാരണം പിന്നീട് നിയമനം നടന്നില്ല. ജൂൺ 30 ന് അവസാനിക്കുന്ന പട്ടികയുടെ കാലാവധി നീട്ടിയില്ലെങ്കിൽ നിരവധി ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടും. കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതിയായ പൊലീസില്ലാത്ത സ്ഥിതിയുണ്ട്. പരിശീലനം തുടങ്ങി ഒരുമാസം പോലും പൂർത്തിയാകാത്തവരെയെല്ലാം സ്റ്റേഷനുകളിൽ നിയോഗിച്ചിരിക്കുകയാണ്. കൊവിഡ് ആശങ്ക തീരുന്നതുവരെ വേതനമില്ലാത്ത സേനയിൽ ജോലി ചെയ്യാൻ തയാറാണെന്നും ഇവർ പറയുന്നു.
Story highlight: PSC rank list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here