കൊവിഡ് 19: നവീന ബ്ലഡ് പ്ലാസ്മ ചികിത്സ നടത്താൻ ശ്രീചിത്ര മെഡിക്കൽ സയൻസിന് അനുമതി

കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിൽ പുതിയ സുപ്രധാന ചുവടുവയ്പിനു കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീചിത്ര തിരുനാൾ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്. രോഗം ഭേദമായവരുടെ പ്രതിരോധ ശേഷി രോഗിയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഈ നവീന ചികിത്സാ രീതി, ‘കൺവെൽസെന്റ്-പ്ലാസ്മ തെറാപ്പി’ എന്ന സാങ്കേതിക നാമത്തിലാണ് അറിയപ്പെടുന്നത്. ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ) ശ്രീചിത്രയ്ക്ക് ഇതിന് അനുമതി നൽകിയത്.

എന്താണ് പ്ലാസ്മ തെറാപ്പി?

നോവൽ കൊറോണ വൈറസ് പോലെയുള്ള ഒരു രോഗാണു പകരുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം ആന്റിബോഡികൾ ഉത്പാദിപ്പിക്കും. ഈ ആന്റിബോഡികൾ വൈറസിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കും. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് ആന്റിബോഡി വൻതോതിൽ ശേഖരിക്കുകയും രോഗിയുടെ ഉള്ളിലേക്കു സന്നിവേശിപ്പിക്കുകയുമാണ് ഈ ചികിത്സ ചെയ്യുന്നത്. ആന്റിബോഡികളുടെ സഹായത്തോടെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ നേരിടാനുള്ള കരുത്ത് വർധിക്കുന്നു.

കൊവിഡ് 19 പൂർണമായി ഭേദമായവരിൽ നിന്നാണ് രക്തം ശേഖരിക്കുക. രോഗാണുക്കളെ നിർവീര്യമാക്കിയ ആന്റിബോഡിക്കു വേണ്ടി രക്തത്തിലെ സെറം വേർതിരിക്കുകയും ശേഷിനിർണയം നടത്തുകയും ചെയ്യുന്നു. പകർച്ചവ്യാധിമുക്തരിൽ, പ്രത്യേകിച്ചും ആന്റിബോഡി കൂടുതലുള്ളവരിൽ ഉണ്ടാകുന്ന സെറം കൺവെൽസെന്റ് സെറം ആയിരിക്കും. കൊവിഡ് രോഗിയിൽ അത് പ്രവർത്തനക്ഷമമാവുകയും പ്രതിരോധ ശേഷി നേടിയെടുക്കുകയും ചെയ്യുന്നു.

വാക്സിൻ പ്രവർത്തിക്കുമ്പോൾ രോഗപ്രതിരോധ സംവിധാനം ആന്റിബോഡി ഉത്പാദിപ്പിക്കുകയും അത് ആയുഷ്‌കാല പ്രതിരോധ ശേഷി നൽകുകയും ചെയ്യുന്നു. എന്നാൽ, ഈ നിഷ്‌ക്രിയ ആന്റിബോഡി ചികിത്സയിൽ രക്തത്തിൽ സന്നിവേശിപ്പിച്ച ആന്റിബോഡി നിലനിൽക്കുന്ന കാലത്തോളം മാത്രമേ ഫലപ്രദമാവുകയുള്ളു. അതായത്, അത് നൽകുന്ന സുരക്ഷ താൽക്കാലികമാണ്.

നിലവിൽ നമുക്ക് ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ഇല്ല. അതുകൊണ്ട്, എപ്പോഴെങ്കിലും ഒരു പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടാൽ അതു ചികിത്സിക്കാൻ കൺവെൽസെന്റ് സെറം ഉപയോഗപ്പെടുത്താൻ കഴിയും. 2009-2010ലെ എച്ച്1എൻ1 ഇൻഫ്‌ളുവൻസാ വൈറസ് പകർച്ചവ്യാധി ഉണ്ടായപ്പോൾ രോഗികളിൽ തീവ്രപരിചരണം ആവശ്യമുള്ളവർക്ക് ഇത് ഉപയോഗിച്ചിരുന്നു. ചികിൽസയ്ക്കു ശേഷം ആ രോഗികളുടെ നില മെച്ചപ്പെട്ടതായി കാണുകയും മരണ നിരക്ക് കുറയുകയും ചെയ്തു. 2018ലെ എബോള പകർച്ചവ്യാധിക്കാലത്തും ഇതേ രീതി ഉപയോഗപ്പെടുത്തി.

ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ ചികിത്സയ്ക്ക് അനുമതിയുള്ളത്. അങ്ങനെയുള്ള രോഗികളെ കണ്ടെത്തിക്കഴിഞ്ഞാൽ അവരിൽ നിന്നും രേഖാമൂലമുള്ള സമ്മതം ലഭിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിൽസ എന്ന നിലയിലായിരിക്കും നടത്തുക”. ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു. അഞ്ച് ഗവൺമെന്റു മെഡിക്കൽ കോളജുകളിലെയും കൊവിഡ് ക്ലിനിക്കുകൾ ഇതിൽ പങ്കാളികളാകും എന്നും അവർ അറിയിച്ചു.

രോഗം ഭേദമായവരിൽ നിന്ന് മതിയായ അളവിൽ പ്ലാസ്മ ലഭിക്കുക എന്നത് എളുപ്പമല്ലാത്തതുകൊണ്ടുതന്നെ ഈ ചികിത്സ ഉദ്ദേശിക്കുന്നത്ര ലളിതമല്ല. കൊവിഡ് 19 ബാധിതരിൽ ഭൂരിഭാഗവും രക്തസമ്മർദവും പ്രമേഹവും പോലെ മറ്റുപല രോഗങ്ങളുമുള്ള പ്രായമേറിയവരാണ്. രോഗം ഭേദമായ എല്ലാവരും സ്വയം സന്നദ്ധരായി രക്തം ദാനം ചെയ്യാൻ തയാറാകണം എന്നുമില്ലെന്നതാണ് ഒരു വെല്ലുവിളി.

Story highlight: Sreechitra Medical Sciences Approved for Innovative Blood Plasma Treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top