കൊവിഡ് : ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 19,899 ആയി

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 19,899 ആയി. സ്‌പെയിനില്‍ 16,972 പേരാണ് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,66,019 ആയി. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 1,56,363 ആയി. അതേസമയം, ഇറ്റലിയില്‍ 34,211 പേരും സ്‌പെയിനില്‍ 62,391 പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇരുരാജ്യങ്ങളിലെയും മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവുള്ളതിനാല്‍ നിയന്ത്രണങ്ങളില്‍ ചില ഇളവ് വരുത്തിയേക്കും. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചില വ്യവസായ സ്ഥാപനങ്ങള്‍ നേരത്തെ തുറക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യുസെപ്പെ കോണ്ടെ പറഞ്ഞു. കൊവിഡ് പരിശോധനകള്‍ കാര്യമായി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്ടെ കൂട്ടിച്ചേര്‍ത്തു.

സ്‌പെയിനില്‍ ചില ഫാക്ടറികള്‍ തുറക്കാനും നിര്‍മാണ മേഖലയില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാനും അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രെയിനുകളിലും സബ് വേ സ്റ്റേഷനുകളിലുമായി ഒരു കോടിയോളം മാസ്‌കുകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി സാല്‍വദോര്‍ ഇല്ല പറഞ്ഞു. ഇതിലൂടെ രോഗവ്യാപനം തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top