ഐസൊലേഷൻ വാർഡിൽ വെച്ച് ആരോഗ്യപ്രവർത്തകൻ രണ്ട് ദിവസം പീഡിപ്പിച്ചു; യുവതിക്ക് മരണം

ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച യുവതിയെ ആരോഗ്യപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബീഹാറിലെ ഗയയിലാണ് സംഭവം. ഗയയിലെ മെഡിക്കൽ കോളജിൽ കൊവിഡ് സംശയിച്ച് ഐസൊലേറ്റ് ചെയ്ത യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷം കടുത്ത രക്തസ്രാവത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നിൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണെന്നും അയാൾ യുവതിയെ രണ്ട് ദിവസം തുടർച്ചയായി പീഡിപ്പിച്ചു എന്നുമാണ് വീട്ടുകാരുടെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെക്കാൻ ഹെരാൾഡ് ആണ് വാർത്ത പുറത്തുവിട്ടത്.
മാർച്ച് 25നാണ് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഭർത്താവിനൊപ്പം യുവതി ഗയയിലേക്ക് വന്നത്. 2 മാസം ഗർഭിണിയായിരുന്ന അവർ ലുധിയാനയിൽ വെച്ച് അബോർഷനു വിധേയയായിരുന്നു. ഗയയിൽ എത്തിയപ്പോൾ തന്നെ കനത്ത രക്തസ്രാവം അനുഭവപ്പെട്ട ഇവരെ മാർച്ച് 27ന് ഗയയിലെ അനുഗ്രഹ് നരേൻ മഗധ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കൊറോണ ബാധയുണ്ടാവാമെന്ന് സംശയിച്ച യുവതിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഏപ്രിൽ നാലിന് അവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയതിനു ശേഷം ഭയന്ന്, ഒറ്റക്കിരുന്ന യുവതിയോട് വിവരങ്ങൾ അന്വേഷിച്ചതിനെ തുടർന്ന് ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തുകയായിരുന്നു എന്ന് ഭർതൃമാതാവ് പറയുന്നു. ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഡോക്ടർ ഏപ്രിൽ 2, 3 ദിവസങ്ങളിലെ രാത്രികളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വീട്ടുകാർ പറയുന്നത്. ഏപ്രിൽ 6നാണ് യുവതി മരണപ്പെട്ടത്.
പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Migrant Woman Dies Of Excessive Bleeding After Allegedly Being Raped In Isolation Ward In Bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here