കൂടുതൽ ഇളവുകൾ നൽകിയാൽ പരിഗണിക്കുക കാർഷിക, കുടിൽ വ്യവസായ മേഖലകളെ; തോമസ് ഐസക്ക്

ലോക്ക് ഡൗണിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയാൽ പരിഗണിക്കുക കാർഷിക, കുടിൽ വ്യവസായ മേഖലകളെ ആയിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലം വരുന്നതിനു മുൻപ് പണി തീർക്കേണ്ട ചില റോഡുകളുണ്ട്. പക്ഷേ, അതൊന്നും കേരളം മുഴുവൻ നടപ്പിലാക്കാനാവില്ല. വിദഗ്ധ സമിതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഓരോ ജില്ലക്കും ചില ഇളവുകൾ നൽകുന്ന കാര്യം നാളെ പരിഗണിക്കും. ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഏപ്രിൽ മാസത്തെ സർക്കാർ വരുമാനം പൂജ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിന് വരുമാനം ലഭിക്കാത്ത മാസമായിരിക്കും ഏപ്രിൽ. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതും കുറയും. കമ്മി നികത്താനായിട്ടുള്ള ഗ്രാൻഡിൽ നിന്ന് കുറച്ച് പണമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ജിഎസ്ടി വിഹിതം, അധിക വായ്പ എന്നിവയൊന്നും ലഭിക്കുന്നില്ല. ഉള്ള വായ്പകൾക്ക് കൊള്ളപ്പലിശ ഈടാക്കുന്നു. ഇങ്ങനെ സംസ്ഥാനത്തിലെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അദ്ദേഹം പറഞ്ഞു.
വായ്പാ പരിധി കൂട്ടാൻ കേന്ദ്രം തയ്യാറാവണം. ഏപ്രിൽ മാസം കൂടി പരിഗണിച്ചാൽ കേന്ദ്രം തരേണ്ട ജിഎസ്ടി വിഹിതം 5000-6000 കോടി ഉണ്ടാവും. അതും നൽകണം. ആരോഗ്യമേഖലയുടെ വിഹിതവും വർധിപ്പിക്കണം. ജനങ്ങളോട് പണമില്ല. ലോക്ക് ഡൗണിൽ ആളുകൾ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നൽകാതെ ഇതിനെ അതിജീവിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: tm thomas isaac about lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here