ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചു; ബിസിസിഐ

ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചു എന്ന് ബിസിസിഐ. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഐപിഎലിൻ്റെ ഭാവിയെപ്പറ്റി സൂചന നൽകിയിരുന്നു. ജനജീവിതം നിശ്ചലമാകുമ്പോൾ കായിക മത്സരങ്ങൾക്ക് എന്ത് സ്ഥാനമെന്നായിരുന്നു മുൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ഗാംഗുലിയുടെ ചോദ്യം.

അതേ സമയം, ഐപിഎൽ ജൂലായ് മാസത്തിൽ നടത്തുമെന്ന് സൂചനയുണ്ട്. സിഎൻബിസി-ടിവി 18 ആണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് വാർത്ത. സീസൺ ഉപേക്ഷിച്ചാൽ ബോർഡിനും മറ്റും കനത്ത നഷ്ടമാണ് സംഭവിക്കുക. അതിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ പുതിയ നീക്കം നടത്തുന്നത്.

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഈ സീസൺ റദ്ദാക്കിയാൽ 3869.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്. ബിസിനസ് ടുഡേ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം. ബിസിഐക്കും ഐപിഎല്ലിൻ്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സിനും കനത്ത നഷ്ടം സംഭവിക്കും.

3869.5 കോടിയുടെ നഷ്ടത്തിൽ 3269.5 കോടി രൂപ സംപ്രേക്ഷണ ആദായം, 200 കോടി രൂപ സെൻട്രൽ സ്പോൺസർഷിപ്പും, 400 കോടി രൂപ‌ ടൈറ്റിൽ‌ സ്പോൺസർഷിപ്പ് ഇനത്തിലുമാണ്. ഇതിനു പുറമെ മറ്റ് ചില സ്പോൺസർഷിപ്പ് വരുമാനങ്ങളും ബിസിസിഐക്ക് നഷ്ടമാവും. സ്റ്റാർ സ്പോർട്സിന് പരസ്യ വരുമാനവും പ്രേക്ഷക വരുമാനവും നഷ്ടമാവും.

Story Highlights: IPL 2020 ‘postponed indefinitely’ over coronavirus: BCCI tells team owners

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top