ഇന്ത്യൻ ടീമിനെ ഐസൊലേറ്റ് ചെയ്യാനുള്ള ഹോട്ടൽ തയ്യാർ; പര്യടനം നടത്താനുള്ള വഴികൾ തേടി ഓസ്ട്രേലിയ

ഇന്ത്യൻ ടീമിൻ്റെ ഓസ്ട്രേലിയൻ പര്യടനം നടത്താൻ സാധ്യമാകുന്ന വഴികൾ തേടി ഓസ്ട്രേലിയ. ടീമിനെ പ്രത്യേകം ഐസൊലേറ്റ് ചെയ്യാൻ ഹോട്ടൽ വരെ ഒരുക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. കൊറോണയുടെ പശ്ചാത്തലത്തിൽ നിശ്ചയിച്ച പര്യടനം റദ്ദാക്കിയാൽ കോടികളുടെ നഷ്ടമാണ് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ഉണ്ടാവുക. അത് മറികടക്കാനാണ് പുതിയ തീരുമാനം. ഓസീസ് ദിനപത്രമായ ‘ദി ഏജ്’ ആണ് വാർത്ത പുറത്തുവിട്ടത്.
സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ (എസ്എസിഎ) തലവൻ കീത്ത് ബ്രാഡ്ഷായെ ഉദ്ധരിച്ചാണ് ദി ഏജ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. അഡലെയ്ഡ് ഓവലിൽ ഒരുക്കിയിരിക്കുന്ന പുതിയ ഹോട്ടൽ ഇന്ത്യൻ ടീമിനായി വിട്ടുനൽകാമെന്നാണ് കീത്ത് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിനുള്ള താമസം, പരിശീലനം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഈ ഹോട്ടലിൽ ഉണ്ടാവും. അഡലെയ്ഡിലെ ഹോട്ടലിനു പുറമെ മറ്റ് രണ്ട് ഹോട്ടലുകൾ കൂടി ഐസൊലേഷൻ സെൻ്ററുകളാക്കുന്ന കാര്യവും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിഗണനയിലുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഓസ്ട്രേലിയൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുകയാണ്. യാത്രാവിലക്കും രാജ്യത്ത് നിലവിലുണ്ട്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനു മുന്നോടിയായി വൈറസിനെ പിടിച്ചു നിർത്താനായാൽ നിയന്ത്രണങ്ങൾ പിൻവലിക്കും എന്നതാണ് നിലവിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ആശ്വാസം നൽകുന്നത്. നിയന്ത്രണങ്ങൾ നീക്കിയാലും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നതും നിർബന്ധമാക്കും. അതു കൊണ്ട് തന്നെ കൂടുതൽ ഹോട്ടലുകൾ ഐസൊലേഷൻ സെൻ്ററുകളാക്കി മാറ്റാനും സാധ്യതയുണ്ട്.
138 മുറികളാണ് അഡലെയ്ഡിലെ ഹോട്ടലിന് ഉള്ളത്. ഈ വർഷം സെപ്തംബറിലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിക്കുക. ടി-20 ലോകകപ്പ് അടക്കം ഒക്ടോബർ മുതൽ ജനുവരി വരെ ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.
Story Highlights: Virat Kohli’s India could be offered new Adelaide Oval hotel as potential Covid-19 quarantine centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here