മാലിദ്വീപിലെ ഇന്ത്യക്കാർ തിരിച്ചുപോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

മാലിദ്വീപിൽ താമസിക്കുന്ന ഇന്ത്യക്കാർ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി മാലിദ്വീപ് ഹൈക്കമ്മീഷൻ. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറംരാജ്യത്ത് ഉള്ളവരെ തിരിച്ചെത്തിക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഈ വിവരം മാലിദ്വീപിലുള്ള ഇന്ത്യക്കാരെ അറിയിക്കുമെന്നും ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

മികച്ച സൗകര്യങ്ങളാണ് മാലിദ്വീപ് സർക്കാർ ഇവിടെയുള്ള ഇന്ത്യക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മാലിദ്വീപിലെ സർക്കാരുമായി സഹകരിച്ച് ഇക്കാര്യത്തിൽ പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. അവശ്യ സേവനത്തിനായി ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ മെയിൽ അഡ്രസും ഫോൺ നമ്പറും ഹൈക്കമ്മീഷൻ നൽകിയിട്ടുണ്ട്. ഈ മാസം 30 വരെ മാലി ദ്വീപിലും ലോക്ക് ഡൗണാണ്.

പ്രവാസികളെ നാട്ടിലെത്തിക്കാനാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. നിലവിൽ എവിടെയാണോ ഉള്ളത് അവിടെ തുടരണം. 13 മില്യൺ ആളുകൾ പ്രവാസി ഇന്ത്യക്കാരായുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കുക അപ്രായോഗികമാണെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികൾക്ക് അവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. കൂടുതൽ ആളുകൾ രാജ്യത്തേക്കെത്തുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top