കേരളം തെറ്റ് തിരുത്തിയതിൽ സന്തോഷം; വി മുരളീധരൻ

കേരളം ലോക്ക് ഡൗണിൽ പ്രഖ്യാപിച്ച ഇളവുകളിൽ തിരുത്ത് വരുത്തുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മാധ്യമങ്ങളിൽ നിന്ന് മനസിലാക്കിയത് ബാർബർ ഷോപ്പുകളുടെ പ്രവർത്തനം, റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ എന്നീ ഇളവുകളിൽ മാറ്റം വരുത്തുമെന്നാണ്. ചീഫ് സെക്രട്ടറി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അവസരോചിതമായി സർക്കാർ ഇടപെടേണ്ടതിനെ കുറിച്ചും വി മുരളീധരൻ വാചാലനായി.
കുറിപ്പ് താഴെ,
ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്തുവരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബാർബർ ഷോപ്പ് പ്രവർത്തനം, റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ എന്നിവ പിൻവലിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങൾ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തിൽ പെടുത്തുമെന്നോർക്കുക. അവസരോചിത ഇടപെടലുകളാണ് സർക്കാരുകൾ നടത്തേണ്ടത്. തെറ്റുതിരുത്താൻ തയാറായതിൽ സന്തോഷം
ഇളവുകൾ പ്രഖ്യാപിച്ച കേരളത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കുറച്ച് മണിക്കൂറുകൾക്ക് മുൻപ് കേന്ദ്രമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കേന്ദ്രം നൽകിയ മുന്നറിയിപ്പിന് ശേഷം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ കേരളം തിരുത്തി. വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ബാർബർ ഷോപ്പുകൾ, ഹോട്ടലുകൾ, വാഹന ഗതാഗതം എന്നിവയിൽ കേരളം ഇളവുകൾ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചത്. ഇതിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് നിലവിൽ സംസ്ഥാന സർക്കാർ.
Story highlights-V Muraleedharan,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here