റമദാൻ മാസത്തിലും ലോക്ക് ഡൗൺ ബാധകം; ഇഫ്താർ, ജുമുഅ നമസ്കാരങ്ങൾ വേണ്ടെന്നു വെക്കണമെന്ന് മുഖ്യമന്ത്രി

റമദാൻ മാസത്തിലും ലോക്ക് ഡൗണിൽ ഇളവുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ട പ്രാർത്ഥന പാടില്ലെന്ന നിർദ്ദേശം തുടരും. ഇഫ്താർ സംഗമം, ജുമുഅ, തറാവീഹ് നമസ്കാരങ്ങൾ, കഞ്ഞി വിതരണം തുടങ്ങിയവ വേണ്ടെന്നു വെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

“വിശ്വാസികൾ വലിത തോതിൽ പള്ളിയിലെത്തുന്ന കാലമാണിത്. എന്നാൽ രോഗവ്യാപനത്തിൻ്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാൻ മുസ്ലിം സംഘടനാ നേതാക്കളുമായും മത പണ്ഡിതന്മാരുമായും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ആശയ വിനിമയത്തിൽ ധാരണ ആയിട്ടുണ്ട്. റമദാൻ മാസത്തിലെ ഇഫ്താർ, ജുമുഅ, തറാവീഹ് നമസ്കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞി വിതരണം പോലുള്ള ദാനധർമാദി പ്രവർത്തനങ്ങൾ ഇവയെല്ലാം വേണ്ടെന്ന് വെക്കുന്നതാണ്. അതാണ് ഈ സാഹചര്യത്തിൽ നല്ലതെന്ന് മതപണ്ഡിതന്മാർ തന്നെ അഭിപ്രായപ്പെട്ടു. ഇസ്ലാമിൻ്റെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മതനേതാക്കൾ തന്നെ ചൂണ്ടിക്കാണിച്ചു. കൊവിഡ് 19 നിയന്ത്രിക്കുന്നതിന് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുമെന്ന് അവർ ഉറപ്പു നൽകി.”- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 19 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4 കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 16 പേർക്കാണ് ഇന്ന് അസുഖം നെഗറ്റീവായത്. കണ്ണൂർ-7, കാസർഗോഡ്-4, കോഴിക്കോട്-4, തിരുവനന്തപുരം-3 എന്നിങ്ങനെയാണ് അസുഖം ഭേദമായത്.

Story Highlights: lock down will continue during ramadan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top