നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ സാമൂഹ്യ വിരുദ്ധര്‍ കീടനാശിനി കലക്കി

നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ സാമൂഹ്യ വിരുദ്ധര്‍ കീടനാശിനി കലക്കി മലിനമാക്കി. കുളത്തിലെ വളർത്തു മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കനത്ത കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയിൽ കന്നുകാലികൾക്കടക്കം നൽകിയിരുന്ന വെള്ളത്തിലാണ് ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലക്കിയത്.
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിയായ പുത്തന്‍പുരയ്ക്കല്‍ പ്രശാന്തിന്റെ പുരയിടത്തിലെ കുളത്തിലാണ് സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. കുളത്തിലെ മത്സ്യങ്ങള്‍ ചത്ത് പൊങ്ങി. കനത്ത ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് കൃഷി വിളകൾ നനയ്ക്കുവാനും മറ്റ് ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. പത്ത് അടി താഴ്ചയില്‍ നിര്‍മിച്ചിരിക്കുന്ന കൃത്യമകുളത്തില്‍ രണ്ട് ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നു.
കുളത്തിനു സമീപത്തു നിന്ന് ഏലം ചെടികൾക്ക് പ്രയോഗിക്കുന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളത്തിന്റെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കയച്ചിട്ടുണ്ട്.