മധ്യപ്രദേശിൽ പൊലീസുകാർക്കും ഡോക്ടർമാർക്കും നേരെ ആക്രമണം

കൊവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ വീണ്ടും ആക്രമണം. ഡോക്ടർക്കും പൊലീസുകാർക്കുമെതിരെയാണ് ആക്രമണം നടന്നത്. മധ്യപ്രദേശിലെ ശ്യോപൂരിലെ ഗസ്വാനി ഗ്രാമത്തിലാണ് സംഭവം.

രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട്സപോട്ടുകളിലൊന്നാണ് ഇത്. ഇവിടെ പരിശോധന നടത്താൻ ആരോഗ്യപ്രവർത്തകർ എത്തയപ്പോഴാണ് ആക്രമണം നടന്നത്. ഒരു സംഘം ആളുകൾ ഡോക്ടർമാരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒരു ഡോക്ടർ വിളിച്ചറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി.

തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. ആൾക്കൂട്ടം നടത്തിയ കല്ലേറിൽ സബ് ഇൻസ്പെക്ടർ ശ്രീറാം അവാസ്തിയുടെ തലയ്ക്ക് സാരമായ പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഓർഡിനൻസ് ഇറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കുന്നതാണ് ഓർഡിനൻസ്. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top