Advertisement

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ സ്പ്രിംക്ലർ വഴി ശേഖരിച്ചിട്ടില്ല; ഫൈസർ

April 22, 2020
Google News 1 minute Read

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംക്ലർ വഴി ശേഖരിച്ചിട്ടില്ലെന്ന് മരുന്നുകമ്പനിയായ ഫൈസര്‍. ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കമ്പനിയുടെ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്പ്രിംക്ലർ പ്ലാറ്റ് ഫോം വഴിയാണെന്നും ഫൈസര്‍ വിശദീകരിച്ചു.

സ്പ്രിംക്ലറും ആഗോള കുത്തക മരുന്നുകമ്പനിയായ ഫൈസറും തമ്മിലുള്ള ബന്ധം പ്രതിപക്ഷം വിവാദമാക്കിയ സാഹചര്യത്തിലാണ് വിശദീകരണം. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംക്ലർ വഴി ശേഖരിക്കുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന ഈ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. കൊവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈമാറാന്‍ സ്പ്രിംക്ലറോട് ആവശ്യപ്പെട്ടിട്ടേയില്ല.

അതേസമയം, സോഷ്യല്‍മീഡിയ കാര്യങ്ങള്‍ സ്പ്രിംക്ലറുടെ പ്ലാറ്റ്‌ഫോം വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും ഫൈസര്‍ വിശദീകരിക്കുന്നു. കൊവിഡ് 19 പ്രതിരോധ വാക്‌സില്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഫൈസറെന്ന് അവരുടെ വെബ്‌സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഫൈസറും സ്പ്രിംക്ലറുമായുള്ള ബന്ധത്തിലും സര്‍ക്കാരിന്റെ കരാറിലും ദുരൂഹതയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

കഴിഞ്ഞ ദിവസം സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഡാറ്റാ ശേഖരണത്തില്‍ ആശങ്കയുണ്ടന്ന് പറഞ്ഞ കോടതി ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഇതിനിടെ, സ്പ്രിംക്ലര്‍ ഇടപാടില്‍ അന്വേഷണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിംക്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ആവശ്യം. കരാര്‍ റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിവാദ ഇടപാടിലൂടെ ഡാറ്റാ കച്ചവടത്തിന് ശ്രമം നടന്നതായി ആരോപിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights: pfizer about controversy with sprinklr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here