സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് അധ്യാപിക

ലോക്ക് ഡൗണിനിടയിൽ സർക്കാർ വാഹനത്തിൽ കേരളാ കർണാടകാ അതിർത്തി കടന്ന് അധ്യാപിക. തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അധ്യാപിക അതിർത്തി കടന്നതായി വിവരമുള്ളത്. അധ്യാപിക ജോലി ചെയ്യുന്നത് തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലാണ്.

താമരശേരിയിൽ വച്ചാണ് വയനാട്ടിലെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിൽ അധ്യാപിക കയറിയത്. ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെ അതിർത്തികളിലെ കർശന പരിശോധനകളെ അധ്യാപിക മറികടന്നു. അധ്യാപിക പഠിപ്പിച്ചവരിൽ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുണ്ട്. ഇവരിലൂടെയുള്ള സ്വാധീനം ഉപയോഗിച്ചാണ് അധ്യാപിക യാത്ര ചെയ്തതെന്നാണ് കണ്ടെത്തൽ.

വയനാട് ജില്ലാ ഭരണകൂടവും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംഭവം അന്വേഷിക്കുന്നുണ്ട്. അന്തർസംസ്ഥാന യാത്രയ്ക്ക് അനുമതി നൽകാൻ പൊലീസിന് അധികാരമില്ല. എന്നാൽ അധ്യാപിക പൊലീസ് നൽകിയ പാസ് മുഖേനെയാണ് അതിർത്തി കടന്നത്. എങ്ങനെ പാസ് നൽകിയെന്നതും അന്വേഷിക്കും. സംഭവത്തിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അന്വേഷണം നടത്തും. അധ്യാപിക മടങ്ങിയെത്തുമ്പോൾ അവരും അന്വേഷണം നേരിടേണ്ടിവരുമെന്ന് വയനാട് കളക്ടർ അദീലാ അബ്ദുള്ള പറഞ്ഞു. പൊലീസും സംഭവം അന്വേഷിക്കും. ഡൽഹിയിലേക്കാണ് ഇവരുടെ യാത്ര എന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ പൊലീസിന്റെ പാസ് അധ്യാപികയുടെ കൈയിലുണ്ടായിരുന്നു. ഇത്തരം പാസ് നൽകാൻ പൊലീസിന് അധികാരമില്ലെന്ന് വയനാട് കളക്ടർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് തന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണ് യാത്ര ചെയ്തതെന്നും റിപ്പോർട്ട്.

 

lock down, law breaking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top