വിവാദ വിഷയങ്ങളിലടക്കം സർക്കാരിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

വിവാദ വിഷയങ്ങളിലടക്കം സർക്കാരിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷത്തിൻ്റെ ആരോപണം അസംബന്ധ നാടകമാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിന് പിന്തുണ അർപ്പിച്ചത്.

പ്രതിപക്ഷത്തിൻ്റെ ആരോപണം അസംബന്ധ നാടകമാണ്. സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെട്ടു. ആരു മരിച്ചാലും സർക്കാരിൻ്റെ കണ്ണീരു കണ്ടാൽ മതിയെന്ന ദുഷ്ലാക്കാണ് പ്രതിപക്ഷത്തിനുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കാൻ കഴിയാത്തതിനാൽ ജനങ്ങൾ കയ്യൊഴിയുമെന്നുള്ള ബോധ്യമാണ് പ്രതിപക്ഷത്തെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. യുഡിഎഫിൻ്റെയും ബിജെപിയുടെയും നിലപാടുകൾ കേരളത്തിൻ്റെ താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും കാനം രാജേന്ദ്രൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

നേരത്തെ സിപിഐഎം സെക്രട്ടറിയേറ്റും മുഖ്യമന്ത്രിക്ക് പിന്തുണ നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്പ്രിംക്ലർ വിവാദം അനാവശ്യമാണ്. കൊവിഡ് പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സർക്കാർ ചെയ്യേണ്ടത്. രാഷ്ട്രീയമായുള്ള വിമർശനങ്ങൾക്ക് അതേ രീതിയിൽ മറുപടി നൽകണമെന്നും സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചു.

അതേ സമയം, സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിശദാംശങ്ങൾ തേടി. ഹൈക്കോടതിയ്ക്ക് മുന്നിലുള്ള കേസ് സംബന്ധിച്ചും കേന്ദ്രം വിവരങ്ങൾ ആരാഞ്ഞു. കേസിൽ കേന്ദ്രസർക്കാർ കക്ഷിയായ പശ്ചാത്തലത്തിലാണ് നടപടി. 24 ന് കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം ഹൈക്കോടതിയിൽ മറുപടി നൽകണം.

Story Highlights: kanam rajendran supports state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top